വേനലിൽ കരിഞ്ഞ് ഏലച്ചെടികൾ, കണ്ണീരിലായി കർഷകർ
text_fieldsകാട്ടാന കൂട്ടങ്ങൾ നശിപ്പിച്ച ഏലത്തോട്ടം, ഉണക്ക് ബാധിച്ച ഏലത്തോട്ടങ്ങളിൽ ഒന്ന്
അടിമാലി: വേനൽ കടുത്തതോടെ ഏലം കർഷകരും പ്രതിസന്ധിയിലായി. ഏലച്ചെടികൾ ഉണങ്ങി വീഴുന്നതാണ് കർഷകർക്ക് വെല്ലുവിളിയായത്.
മുൻവർഷങ്ങളേക്കാൾ വേഗത്തിലാണ് ഇത്തവണ വേനൽ കടുത്തത്. ഡിസംബർ വരെ മഴ ലഭിച്ചെങ്കിലും വേനൽ കടുത്തതോടെ ഏലകൃഷിക്ക് പ്രതിസന്ധിയായിട്ടുണ്ട്. സാധാരണ ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഏലച്ചെടികൾ കരിഞ്ഞുണങ്ങുന്നത്. എന്നാൽ, വേനലിന്റെ തുടക്കത്തിൽ ചെടികൾ കരിഞ്ഞു തുടങ്ങിയത് കർഷകരെ ആശങ്കയിലാഴ്ത്തുകയാണ്.
ജലസേചന സൗകര്യമില്ലാത്ത ചെറുകിട തോട്ടമുടമകളാണ് കൂടുതൽ പ്രതിസന്ധിയിലാവുന്നത്. പലയിടത്തും ഏലത്തോട്ടങ്ങളിലെ കുളങ്ങളും ചെക്ക്ഡാമുകളും വറ്റിവരണ്ടു. വേനലിൽ മണ്ണിന്റെയും അന്തരീക്ഷത്തിലെയും നനവ് കുറഞ്ഞതോടെ ഏലത്തോട്ടങ്ങളിൽ കീടബാധയും വർധിച്ചു. ഫ്യുസേറിയം ഫംഗസ് ബാധമൂലം ഏലച്ചെടികൾ വ്യാപകമായി ഉണങ്ങുന്നുണ്ട്. ഇതിന് പുറമെ കാട്ടാന കൂട്ടങ്ങൾ വ്യാപകമായി ഇറങ്ങുന്നത് ഏലകൃഷി നശിക്കുന്നതിന് മറ്റൊരു കാരണമായി. ഈ വർഷം മാത്രം കാട്ടാനകൾ മൂലം 250 ഹെക്ടറിലേറെ നാശം ഉണ്ടായി. ഇടമലകുടി, ചിന്നക്കനാൽ, ശാന്തൻപാറ, രാജകുമാരി, ബൈസൺവാലി, അടിമാലി പഞ്ചായത്തുകളിലാണ് കാട്ടാനകൾ കൂടുതൽ നാശം ഉണ്ടാക്കിയത്.


