മനംകുളിർപ്പിച്ച് ചില്ലിത്തോട് വെള്ളച്ചാട്ടം
text_fieldsഅടിമാലി: വെള്ളച്ചാട്ടങ്ങളുടെ നാടായ ഇടുക്കിയില്‍ അതിമനോഹര വെള്ളച്ചാട്ടമാണ് ചില്ലിത്തോട്. അടിമാലി പഞ്ചായത്തിലെ ഇരുമ്പുപാലത്തിന് സമീപമാണ് ഈ മനംകുളിർപ്പിക്കുന്ന ചില്ലിത്തോട് വെള്ളച്ചാട്ടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലുള്ള ചീയപ്പാറ,വാളറ വെള്ളച്ചാട്ടങ്ങള്‍ കണ്ട് ഇരുമ്പുപാലം ടൗണില്‍ എത്തണം. ഇവിടെ നിന്ന് പടിക്കപ്പ് റോഡിലൂടെ അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചില്ലിത്തോട് വെള്ളച്ചാട്ടത്തിലെത്താം.
ദേവിയാര്‍ പുഴയിലേക്ക് ഒലിച്ചിറങ്ങിയെത്തുന്ന ഈ വെള്ളച്ചാട്ടം ചീയപ്പാറ വെള്ളച്ചാട്ടത്തോളം ഭംഗിയുള്ളതാണ്. 200 അടിയിലേറെ ഉയരത്തില്‍നിന്ന് പാല്‍പതപോലെ ഒലിച്ചിറങ്ങുന്ന ഈ വെള്ളച്ചാട്ടം അതിമനോഹരമാണ്. ദേവിയാര്‍ പുഴക്ക് കുറുകെ പാലം നിര്‍മിക്കുകയും അടിസ്ഥാന സൗകര്യം ഒരുക്കുകയും ചെയ്താല്‍ ജില്ലയിലെ മികച്ച വെള്ളച്ചാട്ടങ്ങളുടെ ഗണത്തിലേക്ക് ഈ വെള്ളച്ചാട്ടത്തിനെയും മാറ്റാന്‍ കഴിയും. പഞ്ചായത്ത് ഭരണസമിതി ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ എറ്റവും മുന്തിയ പരിഗണന നല്‍കിയത് ചില്ലിത്തോട് വെള്ളച്ചാട്ടത്തിനായിരുന്നു.
സഞ്ചാരികള്‍ക്ക് പെട്ടെന്ന് ചെന്നെത്താന്‍ കഴിയുന്നതും അപകട രഹിത പ്രദേശമെന്ന പരിഗണനയുമായിരുന്നു ചില്ലിത്തോടിനെ പ്രഥമ പരിഗണന നല്കി പരിഗണിക്കാന്‍ കാരണം.ഇതോടെ ഡി.ടി.പി.സിയുമായി ചേര്‍ന്ന് പദ്ധതിയും തയാറാക്കിയിരുന്നു. എന്നാല്‍, തുടര്നടപടിയൊന്നുമില്ലാതെ വന്നു. പടിക്കപ്പ് പെരുമഞ്ഞച്ചാല് വനത്തില്‍നിന്ന് ഉദ്ഭവിച്ചൊഴുകുന്ന തോടിന്റെ ഭാഗമായിട്ടുള്ളതാണ് ഈ വെള്ളച്ചാട്ടം. വര്‍ഷത്തില്‍ എട്ട് മാസം മാത്രമാണ് ഇവിടെ നീരൊഴുക്കുള്ളത്. പുതിയ പദ്ധതികള്‍ നടപ്പാക്കി വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്ത് തടയണ ഉള്‍പ്പെടെ നിര്‍മിച്ചാല്‍ 12 മാസവും വെള്ളച്ചാട്ടം നിലനിര്‍ത്താം.