അടിസ്ഥാന സൗകര്യമില്ല; കിതച്ചോടി അടിമാലി മിനി ഫയര്സ്റ്റേഷൻ
text_fieldsഅടിമാലി മിനി ഫയര്‍ സ്റ്റേഷന്
അടിമാലി: പരാധീനതകളോട് പടവെട്ടി മിനി ഫയര്‍ സ്റ്റേഷന് കിതക്കുന്നു. ഭൂമിയുടെ അവകാശം കൈമാറി കിട്ടാത്തതടക്കം നിരവധി പ്രശ്നങ്ങളാണ് ഫയര്സ്റ്റേഷന് പറയാനുള്ളത്. 2015 സെപ്റ്റംബറിലാണ് ഉദ്ഘാടനം ചെയ്തത്. ഹൈറേഞ്ചില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിവിടെയാണ്. ലോ റേഞ്ചിന്റെ ഭാഗമായ തൊടുപുഴ ഫയര്‍ സ്റ്റേഷനാണ് കേസുകളില്‍ ഒന്നാമതുള്ളത്. എന്നാല്‍, മിനി യൂനിറ്റില്‍ വെള്ളംപോലും സ്വന്തമായി ഇല്ല.
മഴക്കാലത്ത് കരിങ്കുളത്തെ പഞ്ചായത്തിന്റെ പൊതുകുടിവെള്ള സംഭരണിയില്‍നിന്നാണ് വെള്ളം ശേഖരിക്കുന്നത്. വേനല്‍ കനക്കുമ്പോള്‍ കല്ലാര്‍കുട്ടി ഡാമിനെയോ ദേവിയാര്‍ പുഴയെയോ ആശ്രയിക്കണം. കുടിവെള്ളം ജീവനക്കാര്‍ എടുക്കുന്നത് തൊട്ടടുത്ത വീട്ടുടമയുടെ കിണറ്റില്‍നിന്നാണ്.കുഴല്‍ കിണര്‍ നിര്‍മിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല. വെള്ളം ശുചീകരിച്ച് ഉപയോഗിക്കുന്ന വാട്ടര്പ്യൂരി ഫയര്‍ മെഷീന് തകരാറിലാണ്.
വൈദ്യുതി പോയാല്‍ ആശ്രയം ടവര്‍ ലൈറ്റ് ജനറേറ്റര്‍
വൈദ്യുതി സംബന്ധമായ പ്രശ്നമാണ് മിനി ഫയര്സ്റ്റേഷന് നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. ഇന്‍വെർട്ടര്‍ ഇല്ലാത്തതിനാല്‍ ടവര്‍ ലൈറ്റ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. വൈദ്യുതിയില്ലാതെ ടെലിഫോണ്‍ അടക്കം പ്രവര്‍ത്തനം നിലക്കുന്നു എന്നതാണ് കാരണം. രാത്രി അപകടങ്ങളോ ദുരന്തമോ ഉണ്ടായാല്‍ അവിടേക്ക് ടവര്‍ ലൈറ്റ് ജനറേറ്റര്‍ കൊണ്ടുപോകണം. ഇതോടെ ഫയര്‍ സ്റ്റേഷന് ഇരുട്ടിലാകും. പ്രശ്നത്തിന് പരിഹാരം ഇന്‍വെർട്ടര്‍ സ്ഥാപിക്കുകയെന്നതാണ്. എന്നാൽ, നടപടിയൊന്നുമായില്ല
ഈ വര്‍ഷം എത്തിയത് 133 ഫോൺ കാളുകള്‍
ജനുവരി മുതല്‍ ഈ വര്‍ഷം മിനി ഫയര്‍സ്റ്റേഷനില്‍ എത്തിയത് 133 ഫോൺ കാളുകള്‍. അപകടം, മരം വീഴ്ച ഉള്‍പ്പെടെ 92 കാളുകളും 26 ഫയര്‍ കാളുകളും ഒമ്പത് വാട്ടര്‍ ആക്സിഡന്റ് കാളുകളും മൂന്ന് ആംബുലന്‍സ് കാളുകളും ഉല്പ്പെടെയാണിത്. കൂടാതെ മറ്റ് സ്റ്റേഷനുകളുടെ ആവശ്യപ്രകാരം മൂന്ന് കേസുകള്‍ വേറെയും ഉണ്ടായി.
അസി. സ്റ്റേഷന് മാസ്റ്ററുടെ നേതൃത്വത്തില്‍ 23 ജീവനക്കാരാണ് ഇവിടെയുളളത്. വേനല്‍കാലത്തും കാലവര്‍ഷത്തിലും ജീവനക്കാര്‍ക്ക് അവധി നല്കാന് കഴിയുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. രാത്രിയും പകലും ഓടിനടന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി ജീവനക്കാരുടെ നടുവൊടിയുകയാണെന്നാണ് പരാതി.
പാർക്കിങ്ങിന് സൗകര്യമില്ല; സ്വന്തമായി ഭൂമിയുമില്ല
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കൂടുതല്‍ സൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്നം. ഫയര്‍ എന്ജിന്, വാട്ടര്‍ ടാങ്കര്‍, ആംബുലന്‍സ്, ഫസ്റ്റ് റെസ്പോണ്ട്സ് വാഹനം, മള്‍ട്ടി യൂട്ടിലിറ്റി വാഹനം എന്നിവയാണുളളത്. കേസുകളുടെ ബാഹുല്യം കണക്കിലെടുത്താല്‍ ഇത് തീരെക്കുറവാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ ഫയര്‍ ഫോഴ്സ് വകുപ്പ് മിനി ഫയര്‍സ്റ്റേഷനെ അപ്ഗ്രേഡ് ചെയ്ത് ഫയര്‍ സ്റ്റേഷനായി ഉയര്‍ത്താന്‍ തയാറാണെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതാണ് പ്രധാന തടസ്സം.
പഞ്ചായത്ത് സൗജന്യമായി വിട്ടുനല്‍കിയ പുറമ്പോക്ക് ഭൂമി തണ്ണീര്‍ തടത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഈ കാരണത്താല്‍ ഭൂമിക്ക് പട്ടയം കിട്ടാനും സാധ്യത കുറവാണ്. അറ്റകുറ്റപ്പണിക്കും കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനും ഇതോടെ വകുപ്പിന് കഴിയുന്നില്ല. എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍നിന്ന് 10 ലക്ഷത്തിലേറെ തുക മിനി ഫയര്‍ സ്റ്റേഷനായി അനുവദിച്ചിരുന്നു. പട്ടയ ഫയലുകള്‍ ലഭ്യമല്ലാത്തതിനാല്‍ എസ്റ്റിമേറ്റ് എടുക്കാന്‍പോലും പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഫയര്‍ സ്റ്റേഷന് പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന് പട്ടയം നല്‍കുകയോ മറ്റെവിടെയെങ്കിലും ഭൂമി നല്‍കുകയോ ചെയ്യണം.