ചിന്നക്കനാലിൽ കോടികൾ വിലമതിക്കുന്ന വനംഭൂമി കയ്യേറ്റം ഒഴിപ്പിച്ചു
text_fieldsവനഭൂമി കൈയ്യേറി കൃഷി ചെയ്ത ഏല കൃഷി വെട്ടിമാറ്റി ഭൂമി തിരിച്ച് പിടിക്കുന്നു
അടിമാലി: ചിന്നക്കനാൽ വനമേഖലയിൽ വൻ വനംഭൂമി കയ്യേറ്റം ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം അതിസാഹസികമായി ഒഴിപ്പിച്ചു.കെ.എസ്.ഇ.ബിയുടെ ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഉൾപ്പെടെ നടത്തിയ കൈയേറ്റമാണ് ഒഴിപ്പിച്ച് ഭൂമി തിരിച്ച് പിടിച്ചത്. ഇവിടെ ഉണ്ടായിരുന്ന ഏല ചെടികൾ നശിപ്പിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരെയും വാച്ചർമാരെയും ആയുധങ്ങളുമായി ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ഈ പ്രദേശത്ത് വൻ കയ്യേറ്റം തുടർന്നിരുന്നത്. ചിന്നക്കനാൽ വില്ലേജിലെ സർവേ നമ്പർ 34/1ൽ ഉൾപ്പെടുന്ന ചിന്നക്കനാൽ അണ്ടർ റിസർവ്വ് വനഭൂമിയിലാണ് ശക്തമായ നടപടി ഉണ്ടായത്.ഏകദേശം ഒന്നര ഹെക്ടറോളം വരുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വനഭൂമിയാണ് വനപാലകർ തിരിച്ചുപിടിച്ചത്. 1969ൽ യൂക്കാലി പ്ലാന്റേഷനും തുടർന്ന് 2001ൽ പൈൻ പ്ലാന്റേഷനുമായി വനംവകുപ്പ് സംരക്ഷിച്ചുപോന്ന ഭൂമിയാണിത്.
ഈ പൈൻ കാടുകൾക്കുള്ളിലാണ് കെ.എസ്.ഇ.ബിയുടെ മൂന്ന് ചെയിൻ ക്യാച്ച്മെന്റ് ഏരിയയുടെ മറവിൽ അതീവ രഹസ്യമായി കുഴികളെടുത്ത് ഏലം കൃഷി വ്യാപിപ്പിച്ചത്. ഏലത്തിന് വില കൂടിയതോടെ വൻതോതിൽ കാട് വെട്ടിത്തെളിച്ച് ഏക്കർ കണക്കിന് സ്ഥലത്ത് കൃഷിയിറക്കാനുള്ള വൻ ഒരുക്കങ്ങളും കയ്യേറ്റക്കാർ നടത്തിയിരുന്നു.


