ആർക്കും വേണ്ടാതെ ഇരുമ്പുപാലം
text_fieldsഇരുമ്പുപാലം ടൗണിൽ പണി പൂർത്തിയാകാതെ കിടക്കുന്ന കംഫർട്ട് സ്റ്റേഷൻ
അടിമാലി: പഞ്ചായത്തിലെ രണ്ടാമത്തെ പ്രധാന പട്ടണമായ ഇരുമ്പുപാലത്ത് അടിസ്ഥാന സൗകര്യങ്ങളില്ല. പ്രാഥമികാവശ്യം നിർവഹിക്കാൻ പോലും സൗകര്യമില്ലാതെ വലയുകയാണ് ഇരുമ്പുപാലത്തെ ജനങ്ങൾ. അടിമാലി ബ്ലോക്ക് പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ നിർമിക്കാൻ മൂന്ന് നിലകളിലായി കെട്ടിടം പണി ആരംഭിച്ചെങ്കിലും അനന്തമായി നീളുന്നു. ഇനിയും ഫണ്ട് അനുവദിച്ചാലേ പണി പൂർത്തിയാവൂ. ഇപ്പോൾ ഇവിടെ എത്തുന്നവർ പ്രാഥമിക കർമങ്ങൾ നിർവഹിക്കണമെങ്കിൽ ഹോട്ടലുകളെയോ സമീപത്തെ വീടുകളെയോ ആശ്രയിക്കണം. പതിറ്റാണ്ടുകൾ കാത്തിരുന്ന ശേഷമാണ് കംഫർട്ട് സ്റ്റേഷന് സ്ഥലം കണ്ടെത്തിയത്.
പാര്‍ക്കിങ് സൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്നം. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ പെട്രോള്‍ പമ്പ് മുതല്‍ സലഫി മസ്ജിദ് വരെയും പടിക്കപ്പ് റോഡിലും വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് ആണ് ഇരുമ്പുപാലം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. കഴിഞ്ഞ ദിവസം പടിക്കപ്പ് റോഡില്‍ ഓട്ടോ പാര്‍ക്ക് ചെയ്തത് സംഘര്‍ഷത്തിന് പോലും കാരണമായി. വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ഓട്ടോ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നം ഇപ്പോഴും നീറി നില്ക്കുന്നു. ഇരുമ്പുപാലം സെന്‍ട്രല്‍ ജങ്ഷനിലെ പഴയ ഇരുമ്പ് പാലമാണ് ഇപ്പോള്‍ ഓട്ടോകള്‍ക്ക് സ്റ്റാന്റ് അനുവദിച്ചത്. ഈ സ്ഥലത്ത് ഉൾക്കൊള്ളാവുന്നതിനെക്കാൾ അധികം ഓട്ടോകള്‍ ഇരുമ്പുപാലത്ത് ഉണ്ട്. കൂടുതൽ ഓട്ടോകൾക്ക് പാർക്ക് ചെയ്യാൻ അവസരം ഒരുക്കണം. തോന്നുംപടി എല്ലായിടവും സ്റ്റാൻഡാക്കി മാറ്റാന്‍ ചിലർ നടത്തുന്ന നീക്കമാണ് പ്രശ്നമെന്ന് വ്യാപാരികളും പറയുന്നു. വളരെ വീതി കുറഞ്ഞ റോഡാണ് പടിക്കപ്പിലേക്ക് ഉളളത്. സ്വകാര്യ വാഹനങ്ങളും സഞ്ചാരികളുടെ വാഹനങ്ങളും കൂടി ആകുമ്പോള്‍ പിന്നെ ഇതുവഴി ഗതാഗതം ദുരിതമാകുന്നു. അടിമാലിയില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരമാണ് ഇരുമ്പുപാലത്തേക്കുള്ളത്. നേര്യമംഗലത്തിനും അടിമാലിക്കുമിടയില്‍ 35 കിലോമീറ്റര്‍ ചുറ്റളവിലെ പ്രധാന പട്ടണവും ഇരുമ്പുപാലമാണ്. ലഹരിമാഫിയകളുടെ പ്രവര്‍ത്തനം ശക്തമായ ഇരുമ്പുപാലത്ത് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. പലയിടത്തും കഞ്ചാവ് വിൽപന പരസ്യമായി നടക്കുന്നു. അടിമാലി പഞ്ചായത്ത് ഭരണസമിതിയിലടക്കം മുഖ്യസ്ഥാനത്തുളളത് ഇരുമ്പുപാലം മേഖലയില്‍ നിന്നുളള ജനപ്രതിനിധികളാണെങ്കിലും മേഖലയിലെ വികസനം നടക്കുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു . ഇരുമ്പുപാലത്തിനോട് ഇവര്‍ മുഖം തിരിക്കുന്നതായും വ്യാപാരികളും നാട്ടുകാരും പറയുന്നു.
ഇരുമ്പുപാലം ടൗണിനോട് ചേര്‍ന്ന് ട്രൈബല്‍ വകുപ്പ് മികച്ച നിലയില്‍ ഹോസ്റ്റല്‍ പണിതിട്ടുണ്ട്. എന്നാല്‍ ചില്ലിത്തോട് സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കുന്നതിനോ, ഇരുമ്പുപാലത്ത് ആശുപത്രി തുടങ്ങുന്നതിനോ ജനപ്രതിനിധികള്‍ക്ക് താൽപര്യമില്ല. വിനോദ സഞ്ചാരികള്‍ക്ക് പുറമെ ആയിരക്കണക്കിന് നാട്ടുകാരാണ് ദിവസവും ഇവിടെ എത്തി തിരിച്ച് പോകുന്നത്. ഓടകളില്ലാത്തതിനാല്‍ കാലവര്‍ഷ സമയത്ത് ഇരുമ്പുപാലം വെളളത്തില്‍ മുങ്ങും. ഇത് വലിയ നഷ്ടമാണ് വ്യാപാരികള്ക്കുണ്ടാക്കുന്നത്.