രോഗികളായ വയോധികയെയും മകനെയും പുറത്താക്കി വീട് ജപ്തി ചെയ്ത് കേരള ബാങ്ക്
text_fieldsനാച്ചിയെ പൊലീസ് വീട്ടിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
അടിമാലി: രോഗികളായ വയോധികയെയും മകനെയും വായ്പ കുടിശ്ശികയുടെ പേരിൽ പുറത്താക്കി വീട് ജപ്തി ചെയ്ത് കേരള ബാങ്ക്. വടക്കേ ശല്യാംപാറ അംഗൻവാടി റോഡിൽ പുതിയിടം നാച്ചിയുടെ വീടാണ് അടിമാലി ശാഖ മാനേജറുടെ നേതൃത്വത്തിൽ ജപ്തി ചെയ്ത് ഏറ്റെടുത്തത്. നാച്ചിയെയും (85) മകൻ ഹംസയെയും (45) പൊലീസ് സഹായത്തോടെ വീട്ടിൽനിന്ന് ബലമായി പുറത്താക്കുകയായിരുന്നു. നാച്ചി നിത്യരോഗിയാണ്. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. ഹംസ മനോരോഗത്തിന് ചികിത്സയിലുമാണ്. ഉടുവസ്ത്രം മാത്രമായി സ്വന്തം വീട്ടിൽനിന്ന് ഇവർക്ക് ഇറങ്ങേണ്ടിവന്നു. വീട്ടിലുള്ള മറ്റൊന്നും എടുക്കാൻ പോലും അധികൃതർ സമ്മതിച്ചില്ല.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 നാണ് സംഭവം. നാച്ചിയെ പൊലീസ് കട്ടിലിൽനിന്ന് പിടിച്ച് മുറ്റത്ത് കൊണ്ടുവന്നശേഷമാണ് നടപടി തുടങ്ങിയത്. നാച്ചിയുടെ മകൻ റസാക്കാണ് കേരള ബാങ്കിൽനിന്ന് വായ്പയെടുത്തത്. വീടിനോട് ചേർന്ന് 50 സെൻറ് സ്ഥലം ഈട് നൽകിയിരുന്നു. ഈ സമയം തന്റെ പേരിലാണ് വീടെന്ന് കാണിച്ചുള്ള പഞ്ചായത്ത് സർട്ടിഫിക്കറ്റ് റസാക്ക് ബാങ്കിൽ ഹാജരാക്കി. ഇതാണ് വീട് ജപ്തി ചെയ്യാൻ ഇടയാക്കിയത്. എന്നാൽ, വീട് നാച്ചിയുടെ പേരിലാണെന്നും അടിമാലിയിലെ മറ്റൊരു ബാങ്കിൽ ഈടുവെച്ച് വായ്പയെടുത്തതാണെന്നും മറ്റൊരു മകൻ മൈതീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പഞ്ചായത്ത് രേഖയിൽ നാച്ചിയുടെ ഭർത്താവ് മുഹമ്മദിന്റെ പേരിലാണ് വീടുള്ളത്. ഈ വീടിന്റെ ഓണർഷിപ്പ് മാറ്റിയത് സംബന്ധിച്ച് അന്വേഷണം വേണമെന്നും കേരള ബാങ്കിന്റെ ജപ്തി നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മൈതീൻ പറഞ്ഞു.