ദേശീയപാത നിർമാണത്തിലെ നിയമ നടപടി; ആശങ്കയിൽ കുടിയേറ്റ കർഷകർ
text_fieldsഅടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നിയമപ്രശ്നം ഉണ്ടാക്കിയത് കുടിയേറ്റ കർഷകരുടെ ഭൂമിയിൽ അധികാരം സ്ഥാപിക്കാനെന്ന് ആരോപണം. ദേശീയപാത നിർമാണ നിരോധനമല്ല ഭൂമി കൈയേറ്റമാണ് പ്രശ്നമെന്നാണ് നിയമനടപടിക്ക് നേതൃത്വം നൽകുന്ന പരിസ്ഥിതി പ്രവർത്തകനും ബി.ജെ.പി മുൻ ജില്ല പ്രസിഡന്റുമായ എം.എൻ. ജയചന്ദ്രൻ അടക്കമുള്ളവർ പറയുന്നത്.
സർക്കാർ സംവിധാനങ്ങളും ഈ വാദത്തെ സാധൂകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ദേശീയപാതയിൽ വാളറ മുതൽ നേര്യമംഗലം വരെ നിലവിൽ ഭൂമി കൈയേറ്റം ഒന്നുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ കൈയേറ്റം എവിടെ എന്ന ചോദ്യമാണ് കർഷകരടക്കം ഉയർത്തുന്നത്.
സങ്കീർണതകളിൽ കുരുങ്ങി കർഷകർ
അടിമാലി, മാങ്കുളം, പള്ളിവാസൽ വില്ലേജുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലും പതിറ്റാണ്ടുകൾക്ക് മുമ്പ് കർഷകർ കുടിയേറി ഹെക്ടർ കണക്കിന് വനഭൂമിയിൽ കൃഷിയും മറ്റ് അനുബന്ധ പ്രവർത്തനവുമായി ഉപയോഗിച്ച് വരുന്നുണ്ട്. 1977ന് മുമ്പ് കുടിയേറിയ കർഷകർക്ക് സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പട്ടയ നടപടിയും സ്വീകരിച്ചിരുന്നു.
1993ലെ പ്രത്യേക ഭൂപതിവ് ചട്ടപ്രകാരം ഇത്തരം ഭൂമികൾക്ക് പട്ടയം നൽകുന്ന പ്രവൃത്തി സംസ്ഥാന സർക്കാർ തുടങ്ങുകയും ചെയ്തു. വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധകൾ നടത്തിയാണ് ഭൂമിക്ക് പട്ടയം നൽകിയത്. എന്നാൽ, പട്ടയം നൽകിയ ഭൂമി വനംവകുപ്പിന്റെ ഭൂവിസ്തൃതിയിൽ കുറവ് ചെയ്തില്ല.
പട്ടയം നൽകിയ ഭൂമിയും അതിനോട് ചേർന്ന വിരിവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് കർഷകരുടെ വാദം. എന്നാൽ, വിരിവ് ഭൂമിക്ക് പട്ടയം നൽകുന്നതിന് എതിരായാണ് വനം വകുപ്പ് നിലപാട് സ്വീകരിച്ചത്. ഇതോടെ വീണ്ടും പട്ടയ നടപടികൾ പ്രതിസന്ധിയിലായി. മലയാറ്റൂർ റിസർവ് രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ഒന്നും ഇപ്പോൾ പട്ടയ നടപടി നടക്കുന്നില്ല.
പട്ടയത്തിൽ വിവേചനമെന്നും ആരോപണം
1993ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂവുടമകൾ രണ്ടാംതരം പട്ടയ ഭൂവുടമകളാണോയെന്ന ചോദ്യം ഉന്നയിക്കുന്നത് പട്ടയം ലഭിച്ച കുടിയേറ്റ കർഷകരാണ്. ഈ പട്ടയങ്ങൾ ഇപ്പോഴും വില്ലേജുകളിൽ കരം സ്വീകരിക്കുന്നത് ഓഫ്ലൈനായാണ്.
മറ്റെല്ലാ പട്ടയ ഭൂമി ഉടമകൾക്കും ഓൺലൈനിൽ കരമടക്കാമെന്നിരിക്കെയാണ് ഈ നടപടി. ഇതുമൂലം ജീവിതകാലം മുഴുവൻ തങ്ങളെ ഉദ്യോഗസ്ഥർക്ക് ചൂഷണം ചെയ്യാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്. പ്രശ്നം പലതവണ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.
മരങ്ങൾ വെട്ടിമാറ്റാനും വിലക്ക്
കുട്ടമ്പുഴ, അടിമാലി, നേര്യമംഗലം റേഞ്ചുകളിൽ പട്ടയ ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ വെട്ടാനും നിരോധനമാണ്. ബ്ലോക്ക് നാലിൽ ഉൾപ്പെട്ട സ്ഥലത്താണ് നിരോധനം. 17 ഇനം മരങ്ങൾ ഒഴിവാക്കി നട്ടുവളർത്തിയ മരങ്ങൾ യാതൊരു അനുമതിയും വാങ്ങാതെ വെട്ടിക്കൊണ്ടു പോകാമെന്ന നിയമം നിലനിൽക്കെയാണ് ഈ നടപടിയെന്ന് കർഷകർ ചൂണ്ടിക്കാണിക്കുന്നു.
വിദ്യാഭ്യാസം, വിവാഹം, ഭവന നിർമാണം തുടങ്ങിയ ആശ്യങ്ങൾക്ക് തങ്ങളുടെ പട്ടയ വസ്തുവിൽ നിൽക്കുന്ന മരങ്ങൾ വെട്ടി വിൽക്കാൻ കഴിയാത്തത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വീട് നിർമാണത്തിന് മണ്ണ് നീക്കിയാൽ വരെ തടസ്സവുമായി ഉദ്യോഗസ്ഥർ എത്തുകയാണെന്നും കർഷകർ പറയുന്നു. ഇതിനെല്ലാമിടയിലാണ് ഇപ്പോൾ ദേശീയപാത നിർമാണത്തിന്റെ പേരിൽ നടക്കുന്ന പുതിയ നിയമനടപടികളും ഇവർക്ക് ആശങ്കയാകുന്നത്.