മൂന്നാറിൽ പുലിയും കടുവയും; അടിമാലിയിൽ കാട്ടാന
text_fieldsകമ്പിലൈനിൽ ജനവാസമേഖലയിലെത്തിയ ഒറ്റക്കൊമ്പൻ
അടിമാലി: വന്യജീവി ശല്യത്തിൽ ദിനംപ്രതി പ്രയാസപ്പെടുകയാണ് ജനം. മൂന്നാറിലെ ജനവാസ മേഖലയിൽ കടുവയുടെയും പുലിയുടെയും സാമീപ്യം കൂടുതൽ ഭീതിയിലാക്കുകയാണ്. രണ്ടു ദിവസവും പഴയ മൂന്നാർ കെ.ഡി.എച്ച്.പി ക്ലബിന് സമീപം പുലി ജനവാസമേഖലയിൽ ഇറങ്ങി.
പുലിയെ തുരത്താൻ ആർ.ആർ ടീം രംഗത്തിറങ്ങിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രിയും പകലും ഇവിടെ ദ്രുതകർമ സേനയുടെ പ്രവർത്തനം ഉണ്ടാകുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിൽ വളർത്തുപശുവിനെ കടുവ കൊന്ന് ഭക്ഷിച്ചിരുന്നു. കൂടാതെ തോട്ടം മേഖലയിൽ ഒരു മാസത്തിനിടെ നിരവധി തവണ കടുവയെയും പുലിയെയും നാട്ടുകാർ കണ്ടു. വളർത്തുനായ്ക്കളെയും കാലികളെയും ഇവ വ്യാപകമായി വേട്ടയാടി കൊണ്ടുപോകുന്നതായി നാട്ടുകാർ പറഞ്ഞു. ഇതോടെ ജനം ഭയപ്പാടിലാണ്.
കമ്പിലൈനിൽ കാട്ടാന കൃഷി നശിപ്പിച്ചു
അടിമാലി പഞ്ചായത്തിലെ കമ്പിലൈൻ, പാട്ടയടമ്പ്, ചിന്നപ്പാറ തുടങ്ങിയ മേഖലയിൽ കാട്ടാനകൾ വലിയ ഭീതിയാണ് വിതക്കുന്നത്. ചിന്നപ്പാറയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പാട്ടയടമ്പിൽ രണ്ട് കാട്ടാനകൾ ഒരാഴ്ചയായി ജനവാസമേഖലയിലുണ്ട്.
ഇവ വ്യാപകമായി കൃഷി നശിപ്പിച്ചു. കാട്ടാന ശല്യം ഒഴിവാക്കാൻ ജനങ്ങളുടെ നേതൃത്വത്തിൽ വനം വകുപ്പ് ഫെൻസിങ് നിർമാണം തുടരുന്നതിനിടെയാണ് കാട്ടാനകൾ നാശം വിതക്കുന്നത്.
കമ്പിലൈനിൽ ഒറ്റക്കൊമ്പൻ കാട്ടാനയാണ് ജനവാസമേഖലയിൽ നാശം വിതക്കുന്നത്. ഇത് ഭീതിയിലാഴ്ത്തിട്ടുണ്ട്. മറയൂരിൽ എത്തിയ പടയപ്പയെ ഇവിടെ നിന്ന് ആർ.ആർ. ടീം തുരത്തിയെങ്കിലും വീണ്ടും മൂന്നാറിലേക്ക് തന്നെ തിരികെ എത്താനുള്ള സാധ്യത കൂടുതലാണ്.