മാത്യുവിന്റെ ദുരിതജീവിതത്തിന് ആശ്വാസമാകും, സുമനസ്സുകൾ കനിഞ്ഞാൽ
text_fieldsമാത്യുവും ഭാര്യയും
അടിമാലി: അർബുദബാധിതയായ ഭാര്യയും ഭിന്നശേഷിക്കാരനായ മകനുമായി ചോർന്നൊലിക്കുന്ന, അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന മാത്യു സർക്കാറിന്‍റെ കനിവും നാട്ടുകാരുടെ സഹായവും തേടുന്നു. ശാന്തൻപാറ പുത്തടി കല്ലിങ്കൽ മാത്യുവും കുടുംബവുമാണ് ദുരിത ജീവിതം നയിക്കുന്നത്.
മാത്യുവിന്റെ ഭാര്യ എല്‍സി (58) 21 വർഷമായി അർബുദബാധിതയാണ്. ഏഴ് വർഷം മുമ്പ് കിടപ്പിലായ എൽസിക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. ഇവരോടൊപ്പമുള്ള 24കാരനായ മകൻ അജേഷ് 70 ശതമാനം ബുദ്ധിവളർച്ചയില്ലാത്ത ഭിന്നശേഷിക്കാരനാണ്.
പ്രമേഹം, രക്തസമ്മർദ്ദം, അസ്ഥിരോഗം എന്നിവ മൂലം ബുദ്ധിമുട്ടുന്ന മാത്യുവിന് കൂലിപ്പണിക്ക് പോകാൻ പോലും സാധിക്കുന്നില്ല. ആകെയുണ്ടായിരുന്ന 25 സെന്‍റ് ഭൂമി എൽസിയുടെ ചികിത്സാ ചെലവിനായി പണയപ്പെടുത്തി. മകന് 2000 രൂപയും എൽസിക്ക് 1000 രൂപയും പെൻഷൻ ലഭിക്കുന്നതാണ് ഏക വരുമാനം.
ഇടിഞ്ഞുവീഴാറായ ഇവരുടെ വീട്ടിലേക്ക് നടന്നുപോകാനുള്ള വഴി മാത്രമാണുള്ളത്. അതിദരിദ്രരുടെ പട്ടികയിലാണെങ്കിലും മാത്യുവിന് ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് കഴിഞ്ഞില്ല.
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വീട് നൽകുന്നതിന് സർക്കാരിന്‍റെ കനിവും ഭാര്യയുടെ ചികിത്സാ ചെലവ് മുന്നോട്ടു കൊണ്ടുപോകാൻ നാട്ടുകാരുടെ സഹായവും തേടുകയാണ് മാത്യു. എൽസിയുടെ പേരിൽ യൂണിയൻ ബാങ്ക് പൂപ്പാറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 754102010003500. ഐ.എഫ്.എസ്.സി: UBIN0575411.


