തുരുമ്പെടുക്കുന്ന അടിമാലി താലൂക്ക് ആശുപത്രി; കോടികൾ വിലയുള്ള അത്യാധുനിക ഉപകരണങ്ങളാണ് അനാസ്ഥമൂലം നശിക്കുന്നത്
text_fieldsഅടിമാലി താലൂക്ക് ആശുപത്രി
അടിമാലി: തിമിര ശസ്ത്രക്രിയ ഉപകരണങ്ങൾ, ബ്ലഡ് ബാങ്ക് ഉപകരണങ്ങൾ, ഐ.സി.യു ബെഡുകൾ, സ്കാനിങ് മെഷീനുകൾ തുടങ്ങി കോടികളുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ വിവിധഘട്ടങ്ങളിൽ സർക്കാർ നൽകിയ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളാണ് അനാസ്ഥമൂലം നശിക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ അപകടങ്ങളും അത്യാഹിതങ്ങളും റിപ്പോർട്ട് ചെയ്യുന്ന ദേവികുളം താലൂക്കിലെ ഏറ്റവും പ്രധാന സർക്കാർ ആശുപത്രിയിലാണ് കോടികൾ മുടക്കി സർക്കാർ വാങ്ങിയ ഉപകരണങ്ങൾ വെറുതെ ഇട്ട് നശിപ്പിക്കുന്നത്.
കണ്ണ് സംബന്ധമായ ഓപറേഷൻ തിയറ്റർ സ്ഥാപിക്കുന്നതിനടക്കം 2021-2022ൽ എത്തിയ വലിയ വിലപിടിപ്പുള്ള ഉപകരണങ്ങളാണ് നശിക്കുന്നത്. അതുപോലെ ബ്ലഡ് ബാങ്കിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇവിടെ എത്തിയിട്ടുണ്ട്. ഇവ സ്ഥാപിക്കാനും നടപടിയില്ല. കാത്ത് ലാബ് തുടങ്ങാൻ 11 കോടിയോളം മുടക്കി ബഹുനില കെട്ടിടം നിർമിച്ചു. ആധുനിക സൗകര്യമുള്ള കട്ടിലുകളും ഓക്സിജൻ ഉപകരണങ്ങളും എത്തി. എന്നാൽ, മുഴുവൻ സാധനങ്ങളും എത്താത്തതിനാൽ ഇവയും വെറുതെ കിടക്കുന്നു. ഐ.സി.യു സ്ഥാപിക്കുന്നതിനടക്കം തടസ്സം മേഖലയിലെ രാഷ്ട്രീയ നേതാക്കളാണെന്ന ആക്ഷേപവും ഉയരുന്നു. സ്കാനിങ് മെഷീനുകൾ ഉണ്ടെങ്കിലും ജീവനക്കാരനെ നിയമിക്കാത്തതിനാൽ പ്രവർത്തനമില്ല.
ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ ദിവസം വാർത്തസമ്മേളനം നടത്തിയിരുന്നു. താലൂക്ക് ആശുപത്രി വികസനം ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണെങ്കിലും സംസ്ഥാന സർക്കാറും എം.എൽ.എയും വികസനത്തിന് എതിരാണെന്നാണ് അവർ ആരോപിച്ചു. 1964ലെ സ്റ്റാഫ് പാറ്റേൺ ആണ് ഈ ആശുപത്രിയിലേത്. താലൂക്ക് ആശുപത്രിയായി ഉയർത്തിയപ്പോൾ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിച്ചു. എന്നാൽ, 1964 നിരക്കിലെ സ്റ്റാഫ് നഴ്സും ഇതര പാരമെഡിക്കൽ സ്റ്റാഫുമാണ് ഉള്ളത്. അത്യാഹിതത്തിലും ഒ.പിയിലുമടക്കം 2000ഓളം രോഗികൾ എത്തുന്നു. 150 കിടപ്പുരോഗികളും ഉണ്ട്. എന്നാൽ, സർക്കാർ അംഗീകൃത നഴ്സുമാർ 14 പേർ മാത്രം. 20ഓളം താൽക്കാലിക നഴ്സുമാരെ നിയമിച്ചാണ് ആശുപത്രി പ്രവർത്തിക്കുന്നത്. താൽക്കാലിക ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ തന്നെ പ്രയാസപ്പെടുമ്പോൾ സ്പെഷലിസ്റ്റ് ടെക്നീഷൻമാരെ താൽക്കാലികമായി നിയമിക്കാൻ നിർവാഹമില്ല. കൂടുതൽ തസ്തികകൾ സർക്കാർ അനുവദിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പറയുന്നു. ഇത് ശരിയല്ലെന്ന വാദമാണ് എം.എൽ.എ അക്കമുള്ള ഇടത് നേതാക്കളുടെ ഭാക്ഷ്യം.
അത്യാഹിത വിഭാഗത്തെ നിയന്ത്രിക്കുന്നത് സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ’
അടിമാലി: അപകടങ്ങൾ പറ്റിയും അല്ലാതെയും താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രോഗിയെ കൊണ്ടുവന്നാൽ ആശുപത്രി ജീവനക്കാർക്കുപോലും അടുക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ആർ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ രോഗിയുടെ അവസ്ഥ മനസ്സിലാക്കാതെ വാഹനത്തിൽനിന്ന് പുറത്ത് ഇറക്കുകയും വിദഗ്ധ ചികിത്സക്ക് റഫർ ചെയ്യുന്ന കേസുകളാണെങ്കിൽ പിടിവലി കൂടുകയുമാണ്. രോഗിയുടെയോ ബന്ധുക്കളുടെയോ അഭിപ്രായം ചോദിക്കാതെ ആംബുലൻസിൽ അവർക്ക് താൽപര്യമുള്ള സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടുപോകുന്ന രീതിയാണ് അടിമാലിയിൽ നടക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടിയില്ലെങ്കിൽ പ്രക്ഷോഭം രൂക്ഷമാക്കുമെന്ന് ആർ.ജെ.ഡി പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നൽകി.
അടിമാലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. രവി അധ്യക്ഷത വഹിച്ചു. ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് എം. ശരീഫ്, ജില്ല കമ്മിറ്റി അംഗം എം.പി. ജോയ്, നിയോജകമണ്ഡലം സെക്രട്ടറി ശ്രീജേഷ് പുത്തൻപുരക്കൽ, സെക്രട്ടറി സന്തോഷ്, ട്രഷറർ ഡോ. ബിജു, ജോസ് എ. ബേബി പാതിരാക്കാട്ട്, മൈക്കിൾ എന്നിവർ സംസാരിച്ചു.