ആ‘ശങ്ക’ അകലുന്നു; ഇരുമ്പുപാലത്ത് ആധുനിക ശുചിമുറി ഒരുങ്ങുന്നു
text_fieldsഇരുമ്പുപാലത്ത് നിർമാണം പൂർത്തിയാകുന്ന കംഫർട്ട് സ്റ്റേഷൻ
അടിമാലി: ഇരുമ്പുപാലത്ത് പൊതുശുചിമുറി വേണമെന്ന വർഷങ്ങളായ നാട്ടുകാരുടെ ആവശ്യം സഫലമാകുന്നു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് 40 ലക്ഷം രൂപ മുടക്കിയാണ് ടൗണിനോട് ചേർന്ന് ദേശീയപാതയോരത്ത് ആധുനിക ശുചിമുറി നിർമിക്കുന്നത്. നിർമാണപ്രവർത്തനം അവസാനഘട്ടത്തിലാണ്.
സർക്കാർ സ്ഥാപനങ്ങളും ഒട്ടേറെ ബാങ്കുകളും ഇരുമ്പുപാലത്ത് പ്രവർത്തിച്ചുവരുന്നുണ്ട്. അടിമാലി പഞ്ചായത്തിലെ രണ്ടാമത്തെ പ്രധാന ടൗണും ആണിത്. പഴമ്പിളിച്ചാൽ, ഒഴുവത്തടം, പടിക്കപ്പ് തുടങ്ങി നിരവധി പ്രദേശത്തുകാർ എത്തുന്ന പ്രദേശമാണ് ഇരുമ്പുപാലം.
ടൂറിസ്റ്റുകളുടെ ഇടത്താവളമായ ഇവിടെ യാത്രക്കാരും ടാക്സി ഡ്രൈവർമാരും ശുചിമുറി ഇല്ലാത്തതിനാൽ പ്രയാസം നേരിടുകയാണ്. ശുചിമുറി ഇല്ലാത്തതിന്റെ ദുരിതത്തെ കുറിച്ച് ‘മാധ്യമം’ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കൃഷ്ണമൂർത്തി, എം.എ. അൻസാരി എന്നിവരുടെ ശ്രമഫലമായിട്ടാണ് ഇരുമ്പുപാലത്ത് ശുചിമുറി നിർമിക്കുന്നത്. ദേവിയാർ പുഴയുടെ തീരത്ത് മൂന്ന് നിലകളിലായാണ് നിർമാണം.