ഡോക്ടറില്ല, സായാഹ്ന ഒ.പിയുമില്ല താളംതെറ്റി കുടുംബാരോഗ്യ കേന്ദ്രങ്ങൾ
text_fieldsഅടിമാലി: ആവശ്യത്തിന് ഡോക്ടർമാരോ പാരാമെഡിക്കൽ സ്റ്റാഫുകളോ ഇല്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം താളം തെറ്റുന്നു.
പഞ്ചായത്ത് താൽക്കാലികമായി നിയമിക്കുന്ന ഒരു താൽക്കാലിക ഡോക്ടർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാർ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഉണ്ടാകുമെന്നാണ് സർക്കാർ പ്രഖ്യാപനം.
രണ്ട് ഡോക്ടർമാർ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ടുവരെയും തുടർന്ന് പഞ്ചായത്ത് നിയമിക്കുന്ന താൽക്കാലിക ഡോക്ടർ ആറുവരെയും രോഗികളെ പരിശോധിച്ച് മരുന്ന് നൽകും. കൂടാതെ ഫാർമസിസ്റ്റ്, അറ്റൻഡർ, നഴ്സിങ് അസിസ്റ്റന്റ് എന്നിവരെ അധികമായി നിയമിച്ചാണ് വൈകീട്ട് ആറുവരെ ആശുപത്രികൾ പ്രവർത്തിപ്പിക്കുക.
എന്നാൽ, ജില്ലയിൽ ഒരിടത്തും സായാഹ്ന ഒ.പി തുടങ്ങിയിട്ടില്ല . ഇതോടെ ഉച്ചയോടെ ആശുപത്രികൾക്ക് പൂട്ടുവീഴുന്നു. പഞ്ചായത്തുകൾ താൽക്കാലിക ഡോക്ടർമാരെ നിയമിക്കാത്തതാണ് കാരണം. ചിലയിടങ്ങളിൽ പഞ്ചായത്ത് താൽക്കാലിക ഡോക്ടർമാരെ നിയമിച്ചെങ്കിലും ചികിത്സ രാവിലെ മാത്രമാണ്. പല കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഒരു ഡോക്ടർമാർ മാത്രമാണ് ഉള്ളത്.
ഇതോടെ രോഗികൾ ദുരിതത്തിൽ. ഒരു ഡോക്ടർ മാത്രമുള്ള സ്ഥലങ്ങളിൽ സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ ഭരണപരമായ ഒട്ടേറെ ജോലികളുണ്ട്. നിർവഹണ ഉദ്യോഗസ്ഥൻ കൂടിയാണ് മെഡിക്കൽ ഓഫിസർ. ഇതോടെ വാർഡുതല മെഡിക്കൽ ക്യാമ്പുകൾവരെ മുടങ്ങുന്നു.
ചിലയിടങ്ങളിൽ സായാഹ്ന ഒ.പി നടത്താൻ വേണ്ടിയാണ് പഞ്ചായത്ത് ഡോക്ടറെ നിയമിച്ചത്. പക്ഷേ, ഡോക്ടർ ഇല്ലാത്തതുമൂലം രാവിലെ തന്നെ ഡ്യൂട്ടി ചെയ്യണം.
ഇതോടെ സായാഹ്ന ഒ.പി ഇല്ലാതാവുകയും ചെയ്തു. അതുപോലെ ഫാർമസിസ്റ്റിന്റെയും കുറവുണ്ട്. ദിവസേന 100 മുതൽ 250
രോഗികൾ വരെ പല ആശുപത്രികളിലും എത്തുന്നുണ്ട്. ഒരു ഡോക്ടർ ആയതിനാൽ വലിയ തിരക്കും ഉണ്ടാകുന്നു. അതുപോലെ ഞായറാഴ്ചകളിൽ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും അടഞ്ഞ് കിടക്കുന്നു.