ഗതിമുട്ടിയ ജീവിതങ്ങൾ
text_fieldsഇടമലക്കുടിയിലെ തോടിന് കുറുകെയുള്ള പാലം
അടിമാലി: ഒരു നാടിന്റെ വികസനത്തിന്റെ അടിസ്ഥാനം ഗതാഗതസൗകര്യമാണ്. എന്നാൽ, ഇടമലക്കുടിയുടെ കാര്യത്തിൽ ഇപ്പോഴും ഇങ്ങനെയുള്ള സ്ഥലമോ എന്ന് കാണുന്നവർ മൂക്കത്ത് വിരൽ വെച്ച് പോകും. മൂന്നാറിൽനിന്ന് 34 കിലോമീറ്റർ അകലെയാണ് ഇടമലക്കുടി സ്ഥിതിചെയ്യുന്നത്.
16 കിലോമീറ്റർ അകലെ പെട്ടിമുടിയിൽ വരെ വാഹന ഗതാഗതമുണ്ട്. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റികുടി വരെയാണ് ഇവിടെ വാഹനം എത്തിയിട്ടുള്ളൂ. പെട്ടിമുടിയിൽനിന്ന് നാല് കിലോമീറ്റർ കോണ്‍ക്രീറ്റ് റോഡുണ്ട്. ബാക്കിവരുന്ന 14 കിലോമീറ്റർ റോഡ് മണ്‍പാതയാണ്. പലയിടങ്ങളും പാടത്തിന് സമാനമായാണ് കിടക്കുന്നത്. ഈ ഭാഗത്ത് റോഡ് നിർമാണം തുടങ്ങിയിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. മൂന്നു കോടിയോളം മുടക്കിയിട്ടും റോഡ് നിർമാണം എങ്ങുമെത്താത്ത സ്ഥിതിയാണ്.
റോഡുണ്ടെങ്കിലും വാഹന ഗതാഗതം അതിസാഹസികവുമാണ്. കനത്ത മഴയിൽ റോഡ് ഭൂരിഭാഗവും തകര്‍ന്നതാണ് കാരണം. ഈ റോഡിന്റെ നിർമാണം പൂര്‍ത്തിയാക്കിയാലേ അൽപം ആശ്വാസം ലഭിക്കുകയുള്ളൂ. കാൽനടക്ക് എളുപ്പമായ ആനകുളം പാതയാണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്. ഈ പാതയിലൂടെ കുറഞ്ഞ ദൂരത്തിൽ റോഡ് നിർമിക്കാന്‍ കഴിയുമെന്ന് ഇവിടത്തുകാർ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് തടസ്സം മൂലം റോഡ് നിർമിക്കാൻ സാധ്യമാകുന്നില്ല.
26 ആദിവാസി ഉന്നതികളാണ് ഇടമലക്കുടി പഞ്ചായത്തിലുള്ളത്. പഞ്ചായത്ത് ആസ്ഥനമായ സോസൈറ്റികുടിയിൽനിന്ന് ഒരോ ആദിവാസി ഉന്നതികളിലേക്കും പോകണമെങ്കിൽ മൂന്ന് മണിക്കൂറിലധികം ദുർഘട പാതയിലൂടെ യാത്രചെയ്യണം. സംസ്ഥാനത്ത് ടാറിട്ട റോഡുകൾ ഇല്ലാത്ത പഞ്ചായത്താണ് ഇടമലക്കുടി. 10ലേറെ പുഴകുളും നിരവധി തോടുകളുമുള്ള പഞ്ചായത്തിൽ പുഴകള്‍ക്ക് കുറുകെ രണ്ട് കോണ്‍ഗ്രീറ്റ് പാലങ്ങൾ മാത്രമാണ് നിർമിച്ചത്.
എന്നാൽ, നിർമാണത്തിലെ അപാകതമൂലം ഒരു പാലം മാത്രമാണ് ഇപ്പോൾ ഉള്ളൂ. ഇതാണെങ്കിൽ തന്നെ അപകടാവസ്ഥയിൽ. ഈറ്റയും മുളയും കാട്ടുവള്ളികളും ഉപയോഗിച്ച് 30ലേറെ പാലങ്ങൾ സ്വന്തമായി നിർമിച്ച ഇവിടത്തുകാർ പുഴകൾ മുറിച്ചുകടക്കുന്നു. വാഹനങ്ങൾ ഓടാൻ കഴിയുന്ന പാതകൾ 50 കിലോമീറ്ററിൽ താഴെ മാത്രം. ബാക്കിയെല്ലാം ഓഫ് റോഡിന് സമാനമായ നടപ്പാതകൾ മാത്രം.