ഒളിമ്പ്യൻ കുടുംബത്തിന്റെ ഹൃദയം തകർത്ത അപകടം; ഞെട്ടലിൽ നാടും
text_fieldsമൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട ജീപ്പ്
അടിമാലി: മൂന്ന് പേരുടെ ജീവനെടുത്ത പന്നിയാർകുട്ടി അപകടത്തിന്റെ ഞെട്ടലിലാണ് ഒളിമ്പ്യൻ കെ.എം. ബീനാമോളുടെ കുടുംബം. ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോൾ പിക്അപ്പ് ജീപ്പ് നൂറടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞാണ് ദുരന്തം ഉണ്ടായത്. ബന്ധുക്കളും ഉറ്റസുഹൃത്തുക്കളുമാണ് മരിച്ച ബോസും എബ്രഹാമും. മറ്റൊരു ബന്ധുവീട്ടിൽ സന്ദർശനത്തിന് ശേഷം ബോസിനെയും റീനയെയും വീട്ടിൽ കൊണ്ടുവിടാൻ വേണ്ടിയാണ് എബ്രഹാം ജീപ്പിൽ പന്നിയാർ കുട്ടിയിലേക്ക് പുറപ്പെട്ടത്. വീടിന്റെ അരകിലോമീറ്റർ അകലെയാണ് ദുരന്തം ഉണ്ടായത്. ശബ്ദംകേട്ട് നാട്ടുകാർ ഓടിയെത്തി.
പൊലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സേവനം തേടി. ഇവരെത്തി മൂവരെയും അടിമാലി താലൂക്ക്ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും വഴിമധ്യേ ബോസും റീനയും മരിച്ചു. ആശുപത്രിയിൽ എത്തിയപ്പോഴാണ് എബ്രഹാം മരിച്ചത്. ഇരുവരും കർഷകരാണ്. നാട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ഇവർ എല്ലാവരുടെയും സഹായികളുമായിരുന്നു.
വേർപാട് നാടിനും ഒളിമ്പ്യൻ കെ.എം. ബീനാമോളുടെ കുടുംബത്തിനും വലിയ ആഘാതമായി. അടിമാലി താലൂക്ക്ആശുപത്രി മോർച്ചറിയാലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് സംസ്കാരം. പന്നിയാർ ഇടവകയിൽ പെട്ടവരാണ് ഇരുകുടുംബക്കാരും. അന്ത്യയാത്രയും ഒരുമിച്ചായിരിക്കും.