ഒരു വശത്ത് അനധികൃത നിർമാണവും പുറമ്പോക്ക് കൈയേറ്റവും മറുവശത്ത് കേടായ വാഹനങ്ങളും; ആകെ അവതാളത്തിലായി റവന്യൂ വകുപ്പ്
text_fieldsദേവികുളത്തെ താലൂക്ക് ഓഫിസിനു മുന്നിൽ വർഷങ്ങളായി കിടക്കുന്ന സർക്കാർ വാഹനങ്ങൾ
അടിമാലി: ഭൂമി കൈയേറ്റം, അനധികൃത നിർമാണം, പുറമ്പോക്ക് കൈയേറ്റം, വ്യാജ പട്ടയ അന്വേഷണം തുടങ്ങി തീരാത്ത പണിക്കിടെ വാഹനങ്ങൾ കൂടി ഇല്ലാതായാലോ. ദേവികുളം താലൂക്ക് ഓഫിസിലേ ഉദ്യോഗസ്ഥരുടെ ചോദ്യം ഇതാണ്. ഓഫിസിൽ ചെയ്താൽ തീരാത്ത ജോലിയുണ്ട്. ഫീൽഡ് വർക്ക് ഇതിന് പുറമെ. ഫീൽഡിൽ പോകണമെങ്കിൽ വാഹനം വേണം. ഡീസൽ നിറക്കാനും അറ്റകുറ്റപ്പണിക്കും പണമില്ല. ഇപ്പോഴാണെങ്കിൽ വാഹനം സ്റ്റാർട്ടാകാതെ ഒതുക്കി ഇട്ടിരിക്കുകയുമാണ്. പിന്നെ എന്ത് ചെയ്യാനാണെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം.
അനധികൃത നിർമാണങ്ങൾ വ്യാപകമായ ദേവികുളം താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ വർഷങ്ങളായി വാഹനങ്ങളില്ല. ആകെയുള്ളത് തഹസിൽദാറുടെ വാഹനമാണ്; അതിൽ ഇന്ധനം നിറക്കുന്നത് ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിലെ പണം ഉപയോഗിച്ചും. കട്ടപ്പുറത്തായ വാഹനങ്ങൾ മാറ്റി പുതിയവ നൽകാൻ സർക്കാർ നടപടിയില്ല. ഇതുമൂലം വർഷങ്ങളായി ഫീൽഡ് സന്ദർശനം ഉൾപ്പെടെ പരിശോധനകൾക്ക് പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. താലൂക്കിലെ ഭൂരേഖ തഹസിൽദാർ, സ്പെഷൽ റവന്യൂ തഹസിൽദാർ, കെ.ഡി.എച്ച് വില്ലേജിലെ ഡെപ്യൂട്ടി തഹസിൽദാർ എന്നിവരുടെ ഔദ്യോഗിക വാഹനങ്ങൾ നാലു വർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കട്ടപ്പുറത്താണ്.
സ്പെഷൽ തഹസിൽദാറുടെ വാഹനം ആർ.ഡി.ഒ ഓഫിസ് പരിസരത്തും മറ്റു രണ്ടു വാഹനങ്ങൾ താലൂക്ക് ഓഫിസ് പരിസരത്തുമാണ് കിടക്കുന്നത്. മൂന്ന് ഓഫിസുകളിലെയും ഉദ്യോഗസ്ഥർ ഫീൽഡിലേക്ക് സ്വന്തം പണം മുടക്കി ടാക്സിയിൽ പോകേണ്ട സ്ഥിതിയാണ്. കൈയേറ്റവും അനധികൃത നിർമാണങ്ങളും കണ്ടെത്തി നടപടിയെടുക്കാനുള്ള സ്പെഷൽ തഹസിൽദാർക്ക് വർഷങ്ങളായി വാഹനമില്ല. കലക്ടർ ഇടപെട്ട് ആറു മാസം മുമ്പ് കരാർ അടിസ്ഥാനത്തിൽ ജീപ്പ് നൽകിയിരുന്നു. എന്നാൽ, മാർച്ച് 31ന് കരാർ അവസാനിച്ചതോടെ വാഹനം മടങ്ങി. താലൂക്കിലെ കൈയേറ്റങ്ങൾ, അനധികൃത നിർമാണങ്ങൾ എന്നിവക്കെതിരെ കർശന നടപടിയെടുക്കാൻ കലക്ടർ ഉൾപ്പെടെയുള്ളവർ ഉത്തരവ് നൽകുമ്പോൾ യാത്ര ചെയ്യാൻ വാഹനംപോലും ഇല്ലാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.