ദേശീയ പാത നിർമാണ നിരോധനം; ഇന്ന് ദേശീയപാത ഉപരോധം
text_fieldsഅടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ നിർമാണ നിരോധനത്തിനെതിരായ പ്രതിഷേധം വീണ്ടും ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മത,സാമുദായിക സംഘടനകളും സാംസ്കാരിക സംഘടനകളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചേർന്ന് അടിമാലി ടൗണിൽ ദേശീയപാത ഉപരോധിക്കും. ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിലെ നിർമാണ നിരോധനത്തിനെതിരെയാണ് പ്രതിഷേധം ശക്തമാക്കുന്നത്. ഇത് സംബന്ധിച്ച കേസ് ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്.
കോടതിയിൽ നിർമാണത്തിന് അനുകൂലമായി സർക്കാർ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ രൂക്ഷമായ സമരമാണ് പ്രതിഷേധക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ട് സിറ്റിങ്ങിലും ദേശീയപാത കടന്ന് പോകുന്ന ഭാഗത്ത് 100 അടി വീതിയിൽ റവന്യൂ ഭൂമിയാണെന്നും ഇത് ദേശീയപാതക്കായി വിട്ടുനൽകിയതായും ചീഫ് സെക്രട്ടറി കോടതിയിൽ അറിയിച്ചെങ്കിലും രേഖാമൂലം നൽകണമെന്ന് കോടതി അറിക്കുകയായിരുന്നു. തുടർന്നാണ് ഏഴിലേക്ക് കേസ് മാറ്റിയത്.
ബി.ജെ.പി പരിസ്ഥിതി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ജയചന്ദ്രന്റെ ഹരജിയിലാണ് മൂന്ന് മാസം മുമ്പ് ഹൈകോടതി ദേശീയപാതയിലെ നിർമാണം തടഞ്ഞത്. കേസിൽ വനംവകുപ്പ് സെക്രട്ടറിയും അഡീ. ചീഫ് സെക്രട്ടറിയുമായ ജ്യോതിലാൽ ഇത് വനഭൂമിയാണെന്ന സത്യവാങ്മൂലം കോടതിയിൽ നൽകിയതാണ് തിരിച്ചടിയായത്. ഇത് വലിയ വിവാദമാകുകയും ജനങ്ങൾ തെരുവിൽ ഇറങ്ങി സമരം തുടങ്ങുകയും ചെയ്തു. പ്രതിഷേധം രൂക്ഷമായതോടെയാണ് കോടതിയിൽ പുതിയ സത്യവാങ് മൂലം നൽകാൻ സർക്കാർ തലത്തിൽ തീരുമാനമായത്. എന്നാൽ, ഇതിനുശേഷവും ഇത് നടപ്പായില്ല. തുടർന്നാണ് അടുത്ത് കേസ് പരിഗണിക്കുമ്പോൾ ഇത് നൽകുമെന്ന സൂചന സർക്കാറിൽനിന്നുണ്ടായത്.
സമരം ശക്തമാക്കാൻ തീരുമാനം
ഇതേസമയം, ഹൈവേ സംരക്ഷണ സമിതിയുടെ ബഹുജന കൺവെൻഷൻ ചേർന്ന് ദേശീയപാതയുടെ നേര്യമംഗലം മുതൽ വളരെ വരെയുള്ള ഭാഗത്ത് നിർമാണ വിലക്കിനെതിരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
തിങ്കളാഴ്ച നടക്കുന്ന ദേശീയപാത ഉപരോധത്തിൽ ജില്ലയുടെ വിവിധ മേഖലയിൽനിന്ന് ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികളായ പി.എം. ബേബി, റസാഖ് ചൂരവേലി, പി.വി. സ്കറിയ തുടങ്ങിയവർ അറിയിച്ചു. ചൊവ്വാഴ്ച സർക്കാർ ശരിയായ സത്യവാങ്മൂലം നൽകി പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ എം.എൽ.എ ഓഫിസിലേക്ക് മാർച്ച്, നേര്യമംഗലം മുതൽ അടിമാലി വരെയുള്ള ഭാഗത്ത് ചക്രസ്തംഭന സമരം, അനിശ്ചിതകാല സത്യഗ്രഹ സമരം അടക്കം ജില്ലയിലാകെ സമരം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.