തിരിഞ്ഞുനോക്കാതെ അധികൃതർ; ദുരിതപാതകളായി ഗ്രാമീണ റോഡുകൾ
text_fieldsതകർന്ന ഇരുന്നൂറേക്കർ-മെഴുകുംചാൽ റോഡ്
അടിമാലി: വേനൽമഴ എത്തിയതോടെ ഗ്രാമീണ റോഡുകളെല്ലാം തകർന്നു. അടിമാലി, മാങ്കുളം, വെള്ളത്തൂവൽ, പള്ളിവാസൽ, കൊന്നത്തടി, ബൈസൺവാലി തുടങ്ങി ഹൈറേഞ്ചിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും ഗ്രാമീണ റോഡുകളിൽ ഭൂരിഭാഗവും തകർന്നു കിടക്കുകയാണ്. ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പണി നടക്കുന്ന പ്രദേശങ്ങളിലാണ് തകർച്ച രൂക്ഷം.
അടിമാലി പഞ്ചായത്തിലെ മെഴുകുംചാൽ-ഇരുന്നൂറേക്കർ റോഡിന്റെ അവസ്ഥയാണ് ഏറെ പരിതാപകരം. മച്ചിപ്ലാവ് സ്കൂൾ പടി മുതൽ മന്നാങ്കാല ജങ്ഷൻ വരെ തകരാത്ത ഭാഗങ്ങളില്ല. റോഡിലെ കുഴികളിൽപെട്ട് ബൈക്ക്, ഓട്ടോ എന്നിവ മറിയാത്ത ദിവസങ്ങളില്ല. ഇതൊന്നും കണ്ടില്ലെന്ന നിലപാടിലാണ് അധികൃതർ. അടിമാലി-മാങ്കുളം പാതയിൽ പ്ലാമല മുതൽ പീച്ചാട് വരെ റോഡിൽ കുഴികൾ എന്ന് പറയാൻ തന്നെ പാടില്ല. വലിയ ഗർത്തങ്ങളാണ് റോഡിലാകെ. റോഡിനായി ഫണ്ട് അനുവദിച്ചുവെന്ന് എം.എൽ.എ പറയുന്നുണ്ടെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല.
പ്ലാമല-കുരിശുപാറ റോഡ്
കുടിവെള്ള പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളിൽ കിലോമീറ്ററോളം മണ്ണൊഴുകി വലിയ കാന രൂപപ്പെട്ടു. പൈപ്പ് ലൈൻ സ്ഥാപിച്ച ഭാഗങ്ങളിൽ മണ്ണിട്ട് മൂടിയെങ്കിലും കോൺക്രീറ്റ് ചെയ്യാത്തതിനാൽ ആദ്യ മഴയിൽതന്നെ മണ്ണ് പൂർണമായും ഒഴുകിപ്പോയി. നിലവിൽ റോഡിൽ ടാർ ചെയ്ത ഭാഗം മാത്രമാണ് ബാക്കി. വീതി കുറഞ്ഞ റോഡിൽ ഇരു ഭാഗത്തുനിന്നും വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. കഴിഞ്ഞ മഴക്കാലത്തും ഇതേ സാഹചര്യം ഉണ്ടായിരുന്നെങ്കിലും ജല അതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. വേനൽമഴയിൽ ടാറിങ് നടത്തിയ ഭാഗം അടക്കം തകർന്നു.