എന്നുതീരുമീ ദുരിതം; തോന്നുംപോലെ വാഹനങ്ങൾ പാർക്ക് ചെയ്ത് ഉടമകൾ, കാൽ നടയാത്രികർ വലയുന്നു
text_fieldsഅടിമാലി പ്രൈവറ്റ് ബസ്സ്റ്റാൻഡിലെ അനധികൃത പാർക്കിങ്
അടിമാലി: വഴിതടഞ്ഞ് വാഹനങ്ങൾ പാതയോരത്ത് പാർക്ക് ചെയ്ത് ഉടമകൾ പോകുന്നത് കാൽ നടയാത്രികർക്ക് ദുരിതമാകുന്നു. വാണിജ്യ കേന്ദ്രമായ അടിമാലി ടൗണിലാണ് അനധികൃത പാർക്കിങ്ങ് ദുരിതമാകുന്നത്. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഹിൽഫോർട്ട് ജങ്ഷൻ, സെൻട്രൽ ജങ്ഷൻ, കല്ലാർകുട്ടി റോഡ്, മന്നാങ്കാല ജങ്ഷൻ, മൂന്നാർ റോഡ്, കാർഷിക ബാങ്ക് ജങ്ഷൻ, പഞ്ചായത്ത് ജങ്ഷൻ, കാംകോപ്പടി, അമ്പലപ്പടി തുടങ്ങി എല്ലായിടത്തും അനധികൃത പാർക്കിങ് ‘വില്ലനാ’യി മാറിയിരിക്കുകയാണ്. രാവിലെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് സന്ധ്യ കഴിയും വരെ അനക്കമില്ല. യാതൊരു കൂസലുമില്ലാതെയാണ് മിക്കവരും വാഹനങ്ങൾ വഴിയോരത്ത് പാർക്ക് ചെയ്ത് പോകുന്നത്.
ലൈബ്രറി റോഡിൽ അടിയന്തര ഘട്ടം വന്നാൽ ഒരു വാഹനത്തിനും അകത്തുകടക്കാനോ പുറത്തേക്ക് പോകാനോ നിവൃത്തിയില്ലാത്ത നിലയിലാണ് പാർക്കിങ്. അടിമാലി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ വിദൂര യാത്രക്കാർ, ബസ് ജീവനക്കാർ തുടങ്ങി എല്ലാവരും സ്വകാര്യ വാഹനങ്ങൾ കൊണ്ടുവന്ന് വെയ്റ്റിങ് ഷെഡിന് മുന്നിൽ പാർക്ക് ചെയ്യുകയാണ്. ഇതോടെ യാത്രക്കാർക്ക് വെയ്റ്റിങ് ഷെഡിൽ കയറാനോ വ്യാപാര സ്ഥാപനങ്ങളിൽ എത്താനോ കഴിയുന്നില് . ഇതിന് പുറമെ ടാക്സി ഓട്ടോകളും സ്ഥാനം പിടിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാകുന്നു. സർവിസ് ബസുകൾ ഒഴികെ മറ്റ് വാഹനങ്ങൾ കൂടുതൽ സമയം പാർക്ക് ചെയ്യരുതെന്ന നിയമം ഇവിടെ പാലിക്കപ്പെടുന്നില്ല. ഇത് ചോദ്യം ചെയ്യുന്നവരെ കായികമായി നേരിടുന്നു. പൊലീസ് ഡ്യൂട്ടി നിലച്ചതാണ് ഇതിന് കാരണം.
ഹിൽഫോർട്ട് ജങ്ഷനിൽ സ്വകാര്യ ബസുകൾ യാത്രക്കാരെ കയറ്റാനും ഇറക്കാനും ഇടതടവില്ലാതെ നിർത്തിയിടുന്നത് അപകടങ്ങൾക്കും മറ്റും കാരണമാകുന്നു. കല്ലാർകുട്ടി റോഡിൽ മുസ്ലിം പള്ളിപ്പടി ജങ്ഷൻ മുതൽ പൊലീസ് സ്റ്റേഷന് സമീപം വരെ സ്വകാര്യ വാഹനങ്ങളും ബൈക്കുകളും സ്ഥാനം പിടിക്കുന്നു. ഇവയിൽ കൂടുതൽ വ്യാപാരികളുടേത് തന്നെയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് നടപ്പാക്കിയ കാലഹരണപ്പെട്ട ട്രാഫിക്ക് നിയമങ്ങളാണ് അടിമാലിയിൽ ഇപ്പോഴും തുടരുന്നത്. ചിലയിടങ്ങളിൽ ട്രാഫിക് പൊലീസ്, സ്പോൺസർമാരെ കണ്ടെത്തി നോ പാർക്കിങ് ബോർഡ് വെക്കും. അവർക്ക് പിടിച്ച് നിൽക്കാൻ പെറ്റിക്കേസ് എടുക്കലാണ് ലക്ഷ്യം. ഇത്തരത്തിൽ സ്റ്റാൻഡി നടപ്പാക്കിയ പരിഷ്കാരം വലിയ ദുരിതമാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്. ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് അടക്കം അടഞ്ഞുകിടക്കുകയാണ്. ഇതിന് പുറമെ വാഹനങ്ങളിലും അല്ലാതെയുമുള്ള വഴിവാണിഭ വ്യാപാരികൾ പെരുകിയതും കാൽനട യാത്രക്ക് ഭീഷണിയാണ്.


