നികുതി വെട്ടിച്ചുകടത്തിയ ഏലക്ക പിടികൂടി
text_fieldsസ്വകാര്യ ബസിൽനിന്ന്
പിടികൂടിയ ഏലക്ക
അടിമാലി: നികുതി വെട്ടിച്ചുകടത്തിയ ഒമ്പത് ലക്ഷം രൂപയുടെ ഏലക്ക സ്വകാര്യ ബസിൽനിന്ന് പിടികൂടി. ദേവികുളം ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് നെടുങ്കണ്ടത്തുനിന്ന് കണ്ണൂരിന് സർവിസ് നടത്തുന്ന സ്വകാര്യ ബസ് അടിമാലി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പിടികൂടിയത്. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 350 കിലോ തൂക്കം വരും. ഏഴ് ചാക്ക് ഏലക്കയാണ് ദേവികുളം ജി.എസ്.ടി സ്ക്വാഡ് പിടികൂടിയത്.
എൻഫോഴ്സ്മെന്‍റ് ഓഫിസർ കെ.എ. നാസർ നേതൃത്വം നൽകി. ഡെപ്യൂട്ടി എൻഫോഴ്സ്മെന്‍റ് ഓഫിസർ സോജൻ തോമസ്, അസി. എൻഫോഴ്സ്മെന്‍റ് ഓഫിസർമാരായ അജ്മൽ, ജോസ് ടി. മാനുവൽ, ഡ്രൈവർ ജിബി ജോൺ തുടങ്ങിയവർ പങ്കെടുത്തു. പിഴ ഉൾപ്പെടെ വൻ തുക അടക്കേണ്ടി വരുമെന്നതിനാൽ ഉടമസ്ഥർ എത്തിയിട്ടില്ല. മൂന്ന് മാസം കഴിഞ്ഞ് ലേലം ചെയ്ത് തുക സർക്കാറിലേക്ക് മുതൽകൂട്ടുമെന്ന് അധികൃതർ അറിയിച്ചു.


