കാടിന് നടുവിലൊരു സ്കൂളോണം
text_fieldsഅടിമാലി: ഒരു സ്കൂളിന് ഒരു നാടിനെ എങ്ങനെ മാറ്റാം എന്നതിന് തെളിവാണ് ഇടമലകുടി ഗവ. എൽ.പി സ്‌കൂൾ. വഴിയോ അടിസ്ഥാന സൗകര്യങ്ങളോ എത്തിനോക്കാത്ത ഇടമലകുടിയിൽ ഇക്കുറി ഓണം വലിയ ആഘോഷമാക്കി മാറ്റാൻ പ്രധാനാധ്യാപകൻ കൂടിയായ ഷെമീർ നടത്തിയത് അശ്രാന്ത പരിശ്രമമാണ്.
‘സ്കൂളോണം, കാടോണം’എന്ന മുദ്രാവാക്യം ഉയർത്തിയാണ് സംസ്ഥാനത്തെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമല കുടിയിയിലെ സ്കൂളിൽ ഓണഘോഷം നടന്നത്. ഇടമലക്കുടിയെ സംബന്ധിച്ച് ഓണം ഏറ്റവും പ്രധാനപ്പെട്ട ആഘോഷമല്ല. ജനുവരി, ഫെബ്രുവരി മാസത്തിലെ പൊങ്കലാണ് മനസു നിറയ്ക്കുന്ന ആഘോഷം. എന്നാൽ ഒന്നാം ക്ലാസ് മുതലുള്ള കുട്ടികളുടെ പാഠഭാഗങ്ങളിൽ ഓണം ഒരു ആഘോഷമാണ്.
ഈ പാഠഭാഗങ്ങൾ പഠിപ്പിക്കുമ്പോൾ മാവേലിയും ഓണസദ്യയും ഓണക്കളികളും കുട്ടികളുടെ മനസ്സിലേക്ക് ഓടിയെത്തുക കൂടിയായിരുന്ന ഇത്തവണ ഓണാഘോഷം വിപുലമാക്കാൻ തീരുമാനിച്ചതിന് പിന്നിൽ. മാവേലിയായി നിറഞ്ഞു നിന്ന പാർഥി, പഞ്ചായത്ത് പ്രസിഡൻറ് ബിനു, വൈസ് പ്രസിഡൻറ് സുസാധ, പി.ടി.എ പ്രിസിഡൻറ് അനിത, വൈസ് പ്രസിഡൻറ് അഞ്ജലി, മഹാദേവി, പൂക്കളം തീർത്ത വ്യാസ്, ശ്രീകുമാർ, ധർമൻ രക്ഷിതാക്കൾ എന്നിവരെ കൂടാതെ ഉന്നതി നിവാസികൾ എല്ലാവരും ആഘോഷത്തിൽ പങ്കാളികളായി.


