അടിമാലിയെ പൊളിയാക്കണം
text_fieldsഅടിമാലി വെള്ളച്ചാട്ടം
അടിമാലി: വിനോദസഞ്ചാരികളുടെ ഇടത്താവളമെന്ന് പേരുകേട്ട അടിമാലിയില്‍ തുടങ്ങിവെച്ചതും മുടങ്ങിക്കിടക്കുന്നതും ആലോചനയിലുള്ളതുമായ വിനോദസഞ്ചാര പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇനിയും വൈകരുതെന്ന ആവശ്യം ശക്തം. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ താമസത്തിനും സാധനങ്ങൾ വാങ്ങാനും ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന സ്ഥലമാണ് അടിമാലി. അതിനാൽ, ഇവിടെ കൂടുതല്‍ സൗകര്യങ്ങളും ഉല്ലാസകേന്ദ്രങ്ങളും ഒരുക്കേണ്ടതുണ്ട്.
പദ്ധതികള്‍ പലതും ആസൂത്രണം ചെയ്യപ്പെടുന്നുണ്ടെങ്കിലും പൂര്‍ത്തീകരിക്കാത്തതാണ് പ്രധാന പ്രശ്നം. അടിമാലി വെള്ളച്ചാട്ടം സൗന്ദര്യ വത്കരണം, കുതിരകുത്തി വ്യൂ പോയന്റ് വികസനം, ആദിവാസി കോളനികള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേക പദ്ധതികള്‍, ഗ്രാമീണ മേഖലയിലെ അനന്തസാധ്യതകള്‍ മുൻനിർത്തിയുള്ള ഗ്രാമീണ ടൂറിസം പദ്ധതി, റെസ്റ്റ് ഹൗസ് എന്നിവയൊക്കെ വരേണ്ടതുണ്ട്.
പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയും ടൗണില്‍ കിടക്കുന്ന പുറമ്പോക്ക് ഭൂമിയും ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നല്‍കണം. ചിന്നപ്പാറകുടി, തലമാലി, മച്ചിപ്ലാവ്, പതിനാലാം മൈല്‍, കമ്പിലൈന്‍ തുടങ്ങി നിരവധി ഇടങ്ങളില്‍ സാഹസിക സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയും. വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങള്ക്കുപുറമെ ചില്ലിത്തോട്, അമ്മാവന്‍കുത്ത് വെള്ളച്ചാട്ടങ്ങളും ആകര്‍ഷണീയമാണ്.
വരയാടുകളുടെ വിഹാരകേന്ദ്രമായ വരയാറ്റിന്മുടിയില് വരയാടുകളെ കാണാന്‍ വനംവകുപ്പുമായി ചേര്‍ന്ന് പദ്ധതി തയാറാക്കാം. മൂന്നാര്‍ രാജമല്ക്കുശേഷം കൂടുതല്‍ വരയാടുകളുളള സ്ഥലമാണ് വരയാറ്റിന്മുടി. മച്ചിപ്ലാവില്നിന്ന് കുറഞ്ഞ ദൂരത്തില്‍ വരയാറ്റിന്മുടിയില് എത്താം. വനംവകുപ്പിന്റെ കണക്ക് പ്രകാരം വരയാറ്റിന്മുടിയില് 70ലേറെ വരയാടുകളെ കണ്ടെത്തിയിട്ടുണ്ട്.
പെരിയാറുമായി ബന്ധപ്പെട്ടും തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടും പദ്ധതി തയാറാക്കാം. വെള്ളച്ചാട്ടങ്ങള്‍ വികസിപ്പിച്ചാല്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയും. വന്യജീവി പ്രശ്നം, കൃഷിനാശം തുടങ്ങി വിവിധ പ്രതിസന്ധികളിലുഴറുന്ന അടിമാലി മേഖലക്ക് പ്രകൃതിസൗഹൃദ, ഉത്തരവാദിത്ത ടൂറിസം വലിയ ആശ്വാസമാകും. അടിമാലി ടൂറിസം ആൻഡ് അഗ്രികള്‍ചറല്‍ സൊസൈറ്റി അടിമാലി ടൂറിസവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് വിശദമായ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ച് നടപ്പാക്കിയാല്‍ അടിമാലിയുടെ ടൂറിസം മേഖലക്ക് വൻ കുതിച്ചുചാട്ടം നടത്താനാവും.


