വൈദ്യുതിയില്ലാതെ രണ്ട് ദിനം; വെന്തുരുകി ജനം
text_fieldsഅടിമാലി: അടിമാലി ഇലക്ട്രിക്കൽ മേജർ സെക്ഷന് കീഴിൽ വരുന്ന ഇരുമ്പുപാലം, പത്താം മൈൽ ,വാളറ , മച്ചിപ്ലാവ്, പതിനാലാം മൈൽ, ഒഴുവത്തടം, പിടിക്കപ്പ് മേഖലയിൽ രണ്ട് ദിനം വൈദ്യുതി മുടങ്ങി. കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും വെള്ളമെടുക്കാൻ വൈദ്യുതി ഇല്ലാതായത് ജനങ്ങളെ ദുരിതത്തിലാക്കി. രണ്ട് ദിനം വൈദ്യുതി മുടങ്ങിയത് ആകെ വലച്ചു. ദേശീയപാത വികസനത്തിന്റെ പേരിൽ വ്യാഴാഴ്ച രാവിലെ തന്നെ വൈദ്യുതി മുടക്കിയിരുന്നു. വൈകിട്ട് അഞ്ചിന് ലൈൻ ചാർജ് ചെയ്തെങ്കിലും വിജയിച്ചില്ല.
വെള്ളിയാഴ്ച രാവിലെ മുതൽ രണ്ട് വരെ തകരാർ കണ്ടെത്താൻ ശ്രമിച്ച് ഒടുവിൽ മൂന്നോടെയാണ് ഭാഗികമായി വൈദ്യൂതി പുനസ്ഥാപിച്ചത്. രണ്ട് ദിവസം വൈദ്യുതി മുടങ്ങിയതോടെ വ്യാപാരികൾക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. അതുപോലെ വൈദ്യുതി ഇല്ലാതെ ബി.എസ്.എൻ.എൽ. മൊബൈൽ ടവറുകളുടേയും പ്രവർത്തനം നിലച്ചിരുന്നു. കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെയാണ് മേഖലയിൽ വൈദ്യുതി എത്തുന്നത്.
വാഹനങ്ങൾ ഇടിച്ചും മരങ്ങൾ വീണും ഈ പാതയിൽ വൈദ്യുതി മുടങ്ങുന്നത് നിത്യ സംഭവമാണ്. ഈ പ്രശ്നത്തിന് പരിഹാരമായി ഇരുന്നൂറേക്കർ - മെഴുക്കുചാൽ റോഡിലൂടെ പുതിയ 11 കെ. വി. ലൈൻ വലിച്ച് ഇരുമ്പുപാലത്ത് വൈദ്യുതി എത്തിക്കാൻ എല്ലാ നടപടി ക്രമങ്ങളും ആയതാണ്.
എന്നാൽ ഉയർന്ന വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ ഈ നടപടി അട്ടിമറിച്ചു. രണ്ടാമതായി കരിമണൽ നിലയത്തിൽ നിന്നും പുതിയ ഫീഡർ സ്ഥാപിച്ച് തൊട്ടിയാർ പദ്ധതി വഴി അടിമാലിയിലേക്ക് വൈദ്യുതി എത്തിക്കാൻ മറ്റൊരു പദ്ധതിക്കും അംഗീകാരമായിരുന്നു.
ഇതും ഉന്നത ഉദ്യോഗസ്ഥർ അട്ടിമറിച്ചു. ഇങ്ങനെ പദ്ധതി വന്നാൽ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനും സാധിക്കുമായിരുന്നു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ലൈനും പോസ്റ്റുകളും മാറ്റുന്നതിനായി നാലു മാസത്തിനിടെ 29 ദിവസം വൈദ്യുതി മുടക്കിയിട്ടുണ്ട്. ഇനിയെത്ര നാൾ വൈദ്യുതി മുടക്കുമെന്ന് പറയാനും വയ്യ. ചെറിയ മഴ പെയ്താലോ കാറ്റു വീശിയാലോ ഇവിടെ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. അതുപോലെ വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്.