അപ്പർ ചെങ്കുളം ടണൽ നിർമാണം അശാസ്ത്രീയമെന്ന്; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsഅടിമാലി: വൈദ്യുത പദ്ധതിക്കായുളള ടണൽ നിർമാണം അശാസ്ത്രീയമെന്ന് പരാതി. വൈദ്യുതി ബോർഡിന്റെ അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിനെതിരെയാണ് വെള്ളത്തൂവൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന മുതുവാൻകുടി മേഖലയിലെ കുടുംബങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തെ ഏൽക്കുന്ന് ഭാഗത്ത് പവർഹൗസിനുള്ള ടണൽ നിർമാണം തുടങ്ങിയപ്പോൾ അവിടത്തുകാരുടെ വീടുകൾക്ക് നാശം വന്നിരുന്നു. അന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർമാണം നിർത്തി.
പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമാണം തുടങ്ങും എന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ മുതുവാൻകുടി ഭാഗത്ത് പഴയ രീതിയിൽ വീണ്ടും പദ്ധതിക്കായി പാറ പൊട്ടിച്ച് ടണൽ നിർമാണം ആരംഭിച്ചിതോടെയാണ് പ്രതിഷേധമുയർന്നത്. പ്രദേശത്തുള്ള 14 വീടുകളുടെ ഭിത്തി വിണ്ടുകീറിയിട്ടുണ്ട്. ഇതിൽ മൂന്നു വീടുകളുടെ അവസ്ഥ ഏറെ ആശങ്കജനകമാണ്. ജോസ് മറ്റത്തിൽ, സാവിത്രി കുഞ്ഞപ്പൻ തെക്കുംതടത്തിൽ, ശിവപ്രസാദ് കൂടാരത്തിൽ എന്നിവരുടെ വീടിന്റെ ഭിത്തിയാണ് കൂടുതൽ വിണ്ടു കീറിയത്. ജനജീവിതത്തിന് ഭീഷണി ഉണ്ടാക്കുന്ന നിർമാണത്തിനെതിരെ പ്രദേശവാസികൾ അധികാരികൾക്ക് നിവേദനം നൽകി.
പാറ പൊട്ടിച്ചതിനെ തുടർന്ന് വിണ്ടുകീറിയ വീടിന്റെ ഭിത്തി
ഇതോടൊപ്പം ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ. പള്ളിവാസൽ, മുതിരപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ജലം ചെങ്കുളം ഡാമിൽ എത്തിച്ച് അവിടെനിന്നും ടണൽ വഴി വെള്ളം പവർഹൗസിൽ എത്തിച്ച് 24 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ് അപ്പർച്ചെങ്കുളം പദ്ധതി. 2024 ഒക്ടോബർ 24ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയാണ് ഉദ്ഘാടനം നടത്തിയത്.


