വനാതിർത്തിയിൽ വന്യമൃഗവേട്ട; കുടുക്കുകൾ സ്ഥാപിക്കുന്നത് കർഷകർ അറിയാതെ
text_fieldsഅടിമാലി: ജില്ലയിലെ വനാതിർത്തികളോടു ചേർന്ന മേഖലകളിൽ നായാട്ടു സംഘങ്ങൾ സജീവമാകുന്നതായി സൂചന. വനമേഖലയോട് ചേർന്ന കൃഷിയിടങ്ങളിലാണു വേട്ടസംഘങ്ങൾ പിടിമുറുക്കുന്നതിൽ കൂടുതലും. വന്യമൃഗങ്ങളെ പിടികൂടാൻ കള്ളത്തോക്കുകളും കുടുക്കും ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി പ്രവഹിപ്പിച്ചും വന്യജീവികളെ പിടിക്കുന്ന സംഘങ്ങളുമുണ്ട്. കർഷകർ അറിയാതെയാണു മൃഗങ്ങളെ വേട്ടയാടാൻ കൃഷിയിടങ്ങളിൽ അനധികൃതമായി വൈദ്യുതി കമ്പിയും കുടുക്കും സ്ഥാപിക്കുന്നത്. മാൻ, മ്ലാവ്, കാട്ടുപന്നി, കേഴമാൻ, കാട്ടുപോത്ത്, മുള്ളൻപന്നി തുടങ്ങിയ വന്യമൃഗങ്ങളെയാണു കൂടുതലായി വേട്ടയാടുന്നത്. ഇത്തരത്തിൽ വേട്ടയാടുന്ന വന്യമൃഗങ്ങളുടെ മാംസം രാത്രി വിറ്റുതീർക്കും.
ഫെബ്രുവരിയിൽ ക്രിമിനൽ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘം പഴമ്പിളിച്ചാലിൽനിന്ന് മ്ലാവ് ഇറച്ചി പിടികൂടിയിരുന്നു. സംഭവത്തിൽ രണ്ട് പേരെ പിടികൂടിയെങ്കിലും കേസ് ഇവരിൽ മാത്രം ഒതുങ്ങി. മാങ്കുളം, അടിമാലി, നേര്യമംഗലം, ദേവികുളം, മറയൂർ, കാന്തല്ലൂർ റേഞ്ചുകളിലാണ് കൂടുതൽ മൃഗവേട്ട നടക്കുന്നതായി വിവരം. റിസോർട്ടുകളിൽ വെടിയിറച്ചി എന്ന പേരിൽ വന്യമൃഗങ്ങളെ വേട്ടയാടി വിഭവങ്ങൾ വിൽക്കുന്നതായും വിവരമുണ്ട്.
കുരുക്കാൻ ‘കുടുക്ക്’
കാടിറങ്ങുന്ന വന്യമൃഗങ്ങളെ കുടുക്ക് ഉപയോഗിച്ചു പിടികൂടുന്ന പ്രവണത ഏറിവരുന്നുണ്ട്. കാട്ടുപന്നി, മുയൽ, മാൻ എന്നിവയെ ലക്ഷ്യമിട്ടാണു കുടുക്ക് സ്ഥാപിക്കുന്നത്. കമ്പി, കേബിളുകൾ, ഉറപ്പുള്ള ചരടുകൾ എന്നിവ ഉപയോഗിച്ചാണ് കെണി.
വനാതിർത്തികൾക്കു പുറമെ എസ്റ്റേറ്റുകൾ, തോട്ടങ്ങൾ, ജനവാസം കുറഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം കൂടൊരുക്കുന്നവരുണ്ട്. ചിലർ വേട്ടനായ്ക്കളെ ഉപയോഗിച്ചുള്ള നായാട്ടിനിറങ്ങുന്നതായാണു വനംവകുപ്പ് ഇന്റലിജൻസിനു ലഭിച്ച വിവരം. തോട്ടങ്ങൾ കേന്ദ്രീകരിച്ചു വ്യാജവാറ്റും നടക്കുന്നുണ്ട്. എറണാകുളം ജില്ല അതിർത്തി വനങ്ങളിലും തമിഴ്നാട് അതിർത്തിയിലും നായാട്ടുകാരുടെ സാന്നിധ്യമുണ്ട്.