തുമ്പിപ്പാറയിൽ കാട്ടാനക്കൂട്ടമിറങ്ങി; വ്യാപകമായി ഏലകൃഷി നശിപ്പിച്ചു
text_fields1. തുമ്പിപ്പാറയിൽ കാട്ടാനകൾ നശിപ്പിച്ച ഏലത്തോട്ടം 2. അവശനിലയിൽ കണ്ട പിടിയാന
അടിമാലി: പഞ്ചായത്തിലെ പതിനാലാംമൈൽ തുമ്പിപ്പാറ കുടിയിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഏഴ് കാട്ടാനകൾ ഏലത്തോട്ടത്തിൽ ഇറങ്ങി വലിയ നാശമാണ് വരുത്തിയത്. ഏക്കർ കണക്കിന് കൃഷിയാണ് നശിപ്പിച്ചത്. വിളവെടുക്കാൻ പാകമായ ഏലച്ചെടികളാണ് കൂടുതലും നശിപ്പിച്ചത്.
ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. മൂന്നുദിവസമായി ഇവിടെ രാത്രിയും പകലും കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുകയാണ്. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കാട്ടാനകളെ തുരത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. അൽപനേരം മാറിനിന്ന ശേഷം കാട്ടാനകൾ തിരികെ കൃഷിയിടത്തിലേക്ക് തന്നെ വരുകയായിരുന്നു.
വനംവകുപ്പിനെ അറിയിച്ചിട്ടും അവർ തിരിഞ്ഞുനോക്കാത്ത സാഹചര്യമാണ്. ഇവിടെ ജനവാസ കേന്ദ്രത്തിൽനിന്നും മാറാതെ നിൽക്കുന്ന കാട്ടാനകൾ ജീവനുപോലും ഭീഷണിയാണ്.
കാട്ടാനക്കൂട്ടത്തിൽ രോഗമുള്ള കാട്ടാനയും ഉൾപ്പെട്ടതാണ് ഇവ വനത്തിലേക്ക് പോകാൻ മടിക്കുന്നത്. കഴിഞ്ഞ ദിവസം കുരിശുപാറ മേഖലയിലും കാട്ടാന വലിയ കൃഷി നാശം ഉണ്ടാക്കിയിരുന്നു. പ്ലാമലക്ക് സമീപം കാട്ടാന ചെരിയുകയും ചെയ്തിരുന്നു. ഏലച്ചെടികൾ കാട്ടാനകൾ ഭക്ഷിക്കില്ലെങ്കിലും ചവിട്ടിയും പറിച്ചുമാണ് നശിപ്പിക്കുന്നത്.
മുള്ളരിങ്ങാട് റോഡരികില്‍ പകലും കാട്ടാന
മുള്ളരിങ്ങാട്: തലക്കോട് റോഡരികില്‍ പനങ്കുഴി ഭാഗത്ത് കാട്ടാന പകലും തുടരുന്നു. വെള്ളിയാഴ്ച രാത്രി ബ്ലാവടി ഭാഗത്തിറങ്ങിയ ആന പുത്തന്‍പുരയ്ക്കൽ വര്‍ഗീസ്, പുതുശ്ശേരില്‍ ബേബി, പെരുങ്കുഴിയിൽ ജോമാൻ എന്നിവരുടെ പുരയിടത്തിലെ കൃഷി നശിപ്പിച്ചു. രാത്രിയിൽ പുറത്തിറങ്ങാൻ ഭയന്നാണ് ഇവിടുത്തുകാര്‍ കഴിയുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ ആന മുന്നിൽ എത്തിയാൽപോലും കണാന്കഴിയില്ല.