ഇടുക്കി മെഡിക്കല്‍ കോളജിൽ വെറുതേ ഒരു ആംബുലൻസ്
text_fieldsചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന് അനുവദിച്ച ഐ.സിയു ആംബുലന്‍സ് ഉപയോഗിക്കാതെ നശിക്കുന്നു. കില നല്കിയ ഈ ആംബുലൻസ് മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനംചെയ്ത് നാലുമാസം കഴിഞ്ഞിട്ടും അനങ്ങിയിട്ടില്ല.
രണ്ടുവര്‍ഷം മുമ്പ് മെഡിക്കല്‍ കോളജിൽനിന്ന് രോഗിയുമായിപ്പോകുന്നതിനിടെ നാടുകാണിയിൽ മറിഞ്ഞ ആംബുലന്‍സ് അന്നുമുതൽ വര്‍ക്ക്ഷോപ്പിലാണ്. നന്നാക്കാൻ ഇതുവരേയും നടപടിയെടുത്തില്ല. കില നല്കിയ ആംബുലന്‍സിനുള്ളിലുള്ള ഉപകരണങ്ങള്‍ പിടിപ്പിക്കാന്‍ പണമില്ലാത്തതാണ് തടസ്സമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാൽ, മറിഞ്ഞ ആംബുലന്‍സിലുള്ള ഉപകരണങ്ങളും കൂടാതെ മെഡിക്കല്‍ കോളജില്‍ ആവശ്യമായ ഉപകരണങ്ങളുമുണ്ടെങ്കിലും വീണ്ടും പുതിയത് വാങ്ങണമെന്ന വാശിയാണ് ആംബുലന്‍സ് പുറത്തിറക്കാത്തതിന് പിന്നിലെന്ന് ഒരുവിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. നിലവിലുള്ള രണ്ട് ആംബുലന്സുകൾക്കാകട്ടെ, ഐ.സി.യു സൗകര്യങ്ങളുമില്ല. മറ്റൊരു ആംബുലന്‍സ് അനുവദിച്ചത് ഐ.സി.യു സൗകര്യമില്ലാതെ ഓടിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
നിലവില്‍ കട്ടപ്പനയില്‍നിന്നും തൊടുപുഴയില്‍ നിന്നും സ്വകാര്യ ആംബുലന്‍സുകള്‍ വിളിച്ചുവരുത്തിയാണ് രോഗികളെ മറ്റു ആശുപത്രികളിലേക്ക് എത്തിക്കുന്നത്. ഇതിനു രണ്ടു മണിക്കൂറിലധികം താമസിക്കുന്നതിനാല്‍ രോഗികള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. സ്വകാര്യ ആംബുലന്‍സുകള്‍ അമിത ചാര്‍ജ് വാങ്ങുന്നതായും പരാതിയുണ്ട്. ഇടുക്കിയില്‍നിന്ന് കോട്ടയത്തിനു പോകുന്നതിന് സ്വകാര്യ ഏജന്‍സികള്‍ 15,000 രൂപ വരെ വാങ്ങുന്നതായാണ് പരാതി. പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും ആംബുലന്‍സ് സൗജന്യമായാണ് മെഡിക്കല്‍ കോളേജില്‍ അനുവദിക്കുന്നത്.
ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മൂന്നുമാസത്തിലൊരിക്കല്‍ കൂടണമെന്നാണ് നിയമമെങ്കിലും ഒരു വര്‍ഷത്തിലധികമായി കൂടിയിട്ടില്ല. ജില്ല കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് മാനേജ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കമ്മറ്റി കൂടാത്തതിനാല്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ പോലും മുടങ്ങി. വരവുചെലവു കണക്കുകളും അവതരിപ്പിക്കുന്നില്ല.
മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയതായും ലാബ് ഉള്‍പ്പെടെ പല ഡിപ്പാര്ട്ട്മെന്റുകള്ക്കുമെതിരെ പരാതി ഉയര്‍ന്നിട്ടും ഒന്നിനും പരിഹാരമില്ല.


