ആയുർവേദ മെഡിക്കൽ കോളജ് നാടിന്റെ മുഖഛായ മാറ്റും -മന്ത്രി വീണ ജോർജ് ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളജ് ഒ.പി പ്രവർത്തനം ആരംഭിച്ചു
text_fieldsഇടുക്കി: ഉടുമ്പഞ്ചോലയിലെ ആയുർവേദ മെഡിക്കൽ കോളജ് നാടിന്റെ മുഖഛായ മാറ്റുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഉടുമ്പഞ്ചോല ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രിയുടെ ഒ.പി പ്രവർത്തനോദ്ഘാടനവും ആശുപത്രി ഒ.പി.ഡി കോംപ്ലക്സ് ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
അയൽ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും വിദേശ ടൂറിസ്റ്റുകൾക്കുമടക്കം ഇവിടെ ചികിത്സാസൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഇതോടൊപ്പം സംസ്ഥാനത്തെ വിവിധ 73 ആയുഷ് സ്ഥാപനങ്ങളിലെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങിൽ ഓൺലൈനായി മന്ത്രി നിർവഹിച്ചു. ഉടുമ്പഞ്ചോലക്കുള്ള സർക്കാറിന്റെ സമ്മാനമാണ് മെഡിക്കൽ കോളജെന്നും മന്ത്രി പറഞ്ഞു. എം.എം. മണി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം വി.എൻ. മോഹനൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സജികുമാർ, നെടുങ്കണ്ടം േബ്ലാ ക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു, മുൻ എം.എൽ.എ കെ.കെ. ജയചന്ദ്രൻ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. റ്റി.ഡി. ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ സംസാരിച്ചു.
മെഡിക്കൽ കോളജ് സ്ഥാപിക്കുന്ന സ്ഥലവും ഒ.പി വിഭാഗം താൽക്കാലികമായി പ്രവർത്തനം ആരംഭിക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ കെട്ടിടവും മന്ത്രിയും സംഘവും സന്ദർശിച്ചു.


