‘വിളി 108, വിട്ടോ കോട്ടയത്തേക്ക്’; ഡോക്ടർമാരുടെ റഫറൻസിൽ വലഞ്ഞ് പത്തനംതിട്ടയിലെ രോഗികൾ
text_fieldsപത്തനംതിട്ട: 108 വിളിക്ക്, കോട്ടയത്തേക്ക് പൊയ്ക്കോ... പാവങ്ങൾ ചികിത്സ തേടിയെത്തുന്ന ജില്ലയിലെ ആശുപത്രികളുടെയെല്ലാം സ്ഥിതിയിതാണ്. പനി അൽപം കടുത്തുപോയെന്ന് തോന്നിയാൽപോലും ഇതാണ് അവസ്ഥ. ആശുപത്രിയിൽ ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ചെയ്യാവുന്ന പരിശോധകൾക്കൊന്നും മിനക്കെടാതെയാണ് ഡോക്ടർമാരുടെ ഈ നടപടി. 108 ആംബുലൻസിൽ വിളിച്ചാൽ യാത്ര സൗജന്യമാണ്. ഇതിൽ കുരുക്കിയാണ് രോഗികളെ കോട്ടയേത്തക്ക് ഓടിക്കുന്നത്. അത്യാസന്ന നിലയിലായ രോഗിയുടെ ജീവൻ എങ്ങനെയും രക്ഷിച്ചെടുക്കാനുള്ള ആത്മാർഥതകൊണ്ടാണ് കോട്ടയത്തേക്ക് പറഞ്ഞുവിടുന്നത് എന്ന ഭാവത്തിലാണ് ഡോക്ടർമാരുടെ പെരുമാറ്റം. ഇതൊന്നും പരിശോധിക്കാനോ, വിലയിരുത്താനോ ഭരണപരമായ ഒരു സംവിധാനവും സർക്കാർ ആശുപത്രികളിലില്ല എന്നതാണ് സ്ഥിതി. ഡോക്ടറുടെ വാക്ക് അന്തിമമാണെന്ന ഭാവത്തിലാണ് കാര്യങ്ങൾ എല്ലാവരും അനുസരിച്ച് മുന്നോട്ടുപോകുന്നത്. 108 ആംബുലൻസുകാർ രോഗിയെ കോട്ടയത്ത് വിട്ടിട്ട് തിരിച്ചുപോരും. അവിടെ ഡോക്ടർ പരിശോധിച്ചുകഴിയുമ്പോഴാകും കാര്യമൊന്നുമില്ലെന്ന് മനസ്സിലാകുക. അവർ അപ്പോൾ തന്നെ അഡ്മിറ്റ് ചെയ്യാതെ അത്യാവശ്യം മരുന്നുമൊക്കെ കൊടുത്ത് പറഞ്ഞുവിടും. പിന്നെ തിരിച്ചു നാട്ടിൽ വരാൻ വലിയ തുക രോഗികൾ ചെലവഴിക്കേണ്ടി വരും. നേരിട്ട് വണ്ടിയില്ലാതിനാൽ മൂന്നും നാലും ബസ് കയറി വേണം വീട്ടിലെത്താൻ. ബസ് യാത്രക്ക് കഴിയാത്ത വലിയ ക്ഷീണമുള്ളവർക്ക് കാറ് പിടിക്കുകേയ മാർഗമുള്ളൂ. അതിന് 3000 രൂപ വരെ ചെലവഴിക്കേണ്ടി വരും.
സീതത്തോട്, ചിറ്റാർ തുടങ്ങി കിഴക്കൻ മലയോര മേഖലകളിൽനിന്ന് പത്തനംതിട്ടയിൽ ചികിത്സ തേടി എത്തുകയും അവിടെ നിന്ന് കോട്ടയത്തേക്ക് പോേകണ്ടി വരുകയും ചെയ്യുന്നവരുടെ കാര്യമാണ് ഏറെ കഷ്ടം. റാന്നി, താലൂക്ക് ആശുപത്രി, കോഴഞ്ചേരി ജില്ല ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽനിന്നൊക്കെ മത്സരിച്ചാണ് രോഗികളെ കോട്ടയത്തേക്ക് റഫർ ചെയ്യുന്നത്. ഇവിടങ്ങളിൽ ഇക്കാര്യത്തിൽ അതീവ താൽപര്യമുള്ള ചില ഡോക്ടർമാരുണ്ടെന്നാണ് പറയുന്നത്. 108ൽ കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് എത്തിച്ച ഒരു രോഗിയെ പരിശോധിക്കാൻപോലും തയാറാകാതെ കോട്ടയത്തേക്ക് പറഞ്ഞുവിട്ട സംഭവം വിവാദമായിരുന്നു. ആംബുലൻസ് രോഗിയുമായി വന്നപ്പോൾ തന്നെ പുറത്തിറങ്ങി ചെന്ന ഡോക്ടർ ആദ്യം തന്നെ 108ന്റെ ഡ്രൈവറെ കണ്ട്, പോകരുതെന്ന് പറഞ്ഞു. പെട്ടെന്ന് തന്നെ റഫറൻസ് എഴുതി കോട്ടയത്തേക്ക് വിടുകയും ചെയ്തു.
ഡോക്ടർമാർ റഫർ ചെയ്ത് കോട്ടയത്തേക്ക് വിടുന്ന രോഗികളിൽ ഒരു ഭാഗം തിരുവല്ലയിലെയും, കോഴഞ്ചേരിയിലെയുമൊക്കെ സ്വകാര്യ ആശുപത്രികളിൽ എത്തുന്നു എന്നതാണ് മറ്റൊരു കാര്യം. ഇങ്ങനെ സ്വകാര്യ ആശുപത്രികളിൽ രോഗികളെ എത്തിക്കുന്ന ഒരു സംവിധാനവും സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് നിലവിലുണ്ട്. ജില്ലക്ക് സ്വന്തമായി ഒരു മെഡിക്കൽ കോളജ് കോന്നിയിലുണ്ടെങ്കിലും രോാഗികളെ കോട്ടയത്തേക്ക് ഓടിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കേണ്ട കടമ കോന്നി മെഡിക്കൽ കോളജിന്റെ പേരിൽ മേനിനടിക്കുന്നവർക്കുണ്ടെന്നാണ് പൊതുജനത്തിന്റെ അഭിപ്രായം.


