കാർലോസ് ഇനി ഓർമ
text_fieldsകാർലോസിന്റെ സംസ്കാരത്തിനുശേഷം മോനിക്കയും മകൾ ജയിലമ്മയും പള്ളിമുറ്റത്ത്
ചെറുതോണി: നിയമസഭ ചരിത്രത്തിൽ സ്ഥാനംപിടിച്ച ചുരുളി-കീരിത്തോട് കുടിയിറക്കുവിരുദ്ധ സമരത്തിന്റെ അവസാന കണ്ണികളിൽ ഒരാൾ യാത്രയായി. അവസാനശ്വാസം വരെ കമ്യൂണിസ്റ്റായി ജീവിച്ച കാർലോസ്-മോനിക്ക ദമ്പതികളിലെ കാർലോസാണ്(കെ.ഡി. കൊച്ച്) ഓർമയായത്. 1972 കാലഘട്ടത്തിൽ സമരവുമായി ബന്ധപ്പെട്ട് പൊലീസ് ക്രൂര മർദനത്തിനിരയാക്കിയ ഈ ദമ്പതികളെ മൂവാറ്റുപുഴ സബ്ജയിലിലടക്കുമ്പോൾ മോനിക്ക പൂർണ ഗർഭിണിയായിരുന്നു. ജയിലിൽ ഇവർ പ്രസവിച്ചു. എ.കെ.ജി ജയിലിലെത്തി കുഞ്ഞിനെ കണ്ടു. എ.കെ.ജി അവളെ ജയിലമ്മ എന്നു വിളിച്ചു. എന്നാൽ, ആ പേരു തന്നെയാകട്ടെ എന്ന് മാതാപിതാക്കളും തീരുമാനിച്ചു.
55 വർഷം മുമ്പ് കാർലോസിന്റെ കൈപിടിച്ച് കീരിത്തോട്ടിലെത്തുമ്പോൾ മോനിക്കക്ക് ജീവിതം ഒരു ചോദ്യചിഹ്നമായിരുന്നു. കയറിക്കിടക്കാൻ ഒരു തുണ്ട് ഭൂമിക്കുവേണ്ടി കുടിയേറി കുടിൽ കെട്ടിയ ഇവരടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചു. കാർലോസ് പാർട്ടി നിർദേശാനുസരണം ഒളിവിൽ പോയി. പെരിയാറിന്റെ മറുകരയിൽ ഒളിച്ചു താമസിച്ചിരുന്ന കാർലോസിനെ 22 പൊലീസുകാർ ചേർന്ന് വളഞ്ഞുപിടിച്ചു. ഒരു പൊലീസുകാരനൊഴികെ 21 പേരും മർദിച്ചതായി ഭാര്യ മോനിക്ക പറഞ്ഞു. പാർട്ടിക്കാർ ജാമ്യത്തിലെടുത്ത് കാർലോസ് പുറത്തുവരുമ്പോൾ ജീവഛവമായിമാറിയിരുന്നു. കുടിയിറക്കിനിരയായി പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി മരച്ചോട്ടിലാണ് കഴിഞ്ഞിരുന്നത്. അതിന് ശേഷം നിരവധി സമരങ്ങൾക്ക് ഈ ദമ്പതികൾ പങ്കാളികളായി. അടിയന്തരാവസ്ഥക്കാലത്ത് കാർലോസിനെ അറസ്റ്റുചെയ്ത് ജയിലിലടച്ച് മർദനത്തിനിരയാക്കി. പുറത്തുവരുമ്പോൾ തുപ്പുന്നത് ചോരയായിരുന്നു. അന്ന് കീരിത്തോട് പ്രദേശം സി.പി.എം അടിമാലി ലോക്കൽ കമ്മറ്റിയുടെ കീഴിലായിരുന്നു. കാർലോസിനോടൊപ്പം മോനിക്കയും സജീവ രാഷ്ട്രീയത്തിൽ വന്നു.
സ്ത്രീകളെ സംഘടിപ്പിക്കുന്നതിനും പാർട്ടി ശക്തിപ്പെടുത്തുന്നതിനും ഇ.എം.എസ്, എ.കെ.ജി, ഗൗരിയമ്മ തുടങ്ങിയ നേതാക്കളുടെ പ്രോത്സാഹനവും ലഭിച്ചു. ചൊവ്വാഴ്ച വാഴത്തോപ്പ് ഹോളി ഫാമിലി പള്ളിയിലെ ആറടി മണ്ണ് കാർലോസിനെ ഏറ്റുവാങ്ങുമ്പോൾ മോനിക്ക നിശബ്ദം കരഞ്ഞു. ജയിലമ്മ അമ്മയെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.