നീരൊഴുക്ക് കുറഞ്ഞ് ചീയപ്പാറ: സഞ്ചാരികള്‍ക്ക് നിരാശ
text_fieldsവറ്റിവരണ്ട് തുടങ്ങിയ ചീയപ്പാറ വെളളച്ചാട്ടം
അടിമാലി: മൂന്നാറിലെ തണുപ്പ് തേടി ഒഴുകിയെത്തുന്ന സഞ്ചാരികൾക്ക് കുളിർമയേകിയിരുന്ന ദേശീയപാതയോരത്തെ ചീയപ്പാറ വെള്ളച്ചാട്ടം മെലിഞ്ഞ് നേർത്തു. വെയില് കനത്തതോടെ നീരൊഴുക്ക് കുറഞ്ഞ് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം അസ്തമിച്ചതോടെ സഞ്ചാരികൾ നിരാശയിലാണ്. നേരിയ രീതിയിലാണ് ഇപ്പോള്‍ വെള്ളച്ചാട്ടമുള്ളത്. തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി തുടങ്ങിയതോടെ സമീപത്തെ വാളറ വെള്ളച്ചാട്ടവും നഷ്ടമായി. ഇനി മഴ പെയ്ത് നീരൊഴുക്ക് കൂടിയാലെ വെള്ളച്ചാട്ടം സജീവമാകൂ.
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ദേശീയപാതയുടെ ഓരത്തുനിന്ന് ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാമെന്നായിരുന്നു എറ്റവും വലിയ ആകര്‍ഷണീയത. മൂന്നാറിലേക്കുള്ള പ്രധാനപാതയുടെ ഓരത്തായതിനാൽ വലിയ തിരക്കായിരുന്നു എപ്പോഴും. സാധാരണ ഫെബ്രുവരി അവസാന വാരത്തോടെയാണ് നീരൊഴുക്ക് നിലച്ചിരുന്നത്. ഇക്കുറി പുതുവത്സരത്തോടെ ചീയപ്പാറയില്‍ നീര്ചാലുപോലെ ചെറിയ രീതിയില്‍ മാത്രമാണ് വെള്ളച്ചാട്ടമുള്ളത്.
ഇക്കുറി കാലവര്‍ഷം കുറയുകയും വേനലിന്റെ കാഠിന്യം നേരത്തേയാകുകയും ചെയ്തതാണ് ഹൈറേഞ്ചിലെ വെള്ളച്ചാട്ടങ്ങള്‍ക്ക് തിരിച്ചടിയായത്. തെക്കിന്റെ കശ്മീരായി അറിയപ്പെടുന്ന മൂന്നാറില്‍ സഞ്ചാരികള്‍ക്ക് വിസ്മയക്കാഴ്ചയൊരുക്കുന്ന വെള്ളച്ചാട്ടങ്ങളായിരുന്നു ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയിലാണ് ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്.
വര്‍ഷകാലത്താണ് ജലപാതങ്ങള്‍ കൂടുതല്‍ സജീവമാകുന്നത്. കടുത്ത വേനലില്‍ നീരൊഴുക്ക് നിലച്ച് വെള്ളച്ചാട്ടങ്ങള്‍ അപ്രത്യക്ഷമാകുമെങ്കിലും അനവധി സഞ്ചാരികള്‍ വേനല്‍ക്കാലത്തും ഇവിടെയെത്താറുണ്ട്. 12 മാസവും ഇവിടെ ജലം കാണത്തക്ക വിധം പദ്ധതി തയാറാക്കാനാകും. വെള്ളച്ചാട്ടത്തിന് സമീപം ഗാലറികള്‍ നിര്‍മിച്ചു മോടിപിടിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും വിനോദസഞ്ചാര വകുപ്പിന്റെ നടപടിയൊന്നുമില്ല. അപകടങ്ങള്‍ തടയാന്‍ ബോര്‍ഡുകളില്ല. കമ്പിലൈന്‍ മലമുകളില്‍നിന്ന് ഒഴുകിയെത്തുന്ന ചീയപ്പാറ വെള്ളച്ചാട്ടം ദേശീയപാതയെ തൊട്ടുരുമ്മിയാണ് നിലകൊള്ളുന്നത്.
വനമേഖല ആയതിനാല്‍ വനം, പഞ്ചായത്ത്, ടൂറിസം, ദേശീയപാത വകുപ്പുകള്‍ ചേര്‍ന്ന് പദ്ധതികള്‍ തയാറാക്കി നടപ്പാക്കേണ്ടതുണ്ട്. ജലവൈദ്യുതി പദ്ധതിക്കായി ദേവിയാര്‍ പുഴയിലെ വെള്ളം കൊണ്ടുപോകുന്നത് വാളറ വെള്ളച്ചാട്ടത്തിന് തിരിച്ചടിയായി.