കുതിച്ചുയർന്ന് രാസ ലഹരി കേസുകൾ
text_fieldsതൊടുപുഴ: ജില്ലയിൽ സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗവും കേസുകളും വർധിക്കുന്നതായി എക്സൈസ് വകുപ്പ്. എക്സൈസ് വകുപ്പിന്റെ കണക്കുകൾക്ക് പുറമേ പൊലീസ് കണക്കുകൾ കൂടി ചേരുമ്പോൾ കേസുകളുടെ എണ്ണം ഇനിയും വർധിക്കും. ജില്ലയിലെ എല്ലാ എക്സൈസ് റെയ്ഞ്ചോഫിസുകൾ കേന്ദ്രീകരിച്ചും ലഹരിക്കേസുകൾ വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2021 മെയ് മുതൽ കഴിഞ്ഞ ആഗസ്റ്റ് വരെയുളള കാലയളവിൽ ജില്ലയിൽ 2234 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക കണക്ക്. ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണവും വർധിക്കുകയാണ്. 2021 മെയ് മുതൽ ഡിസംബർ വരെയുളള കാലയളവിൽ 209 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
എന്നാൽ 2022ൽ അത് 540 ആയി. 2023ൽ കേസുകളുടെ എണ്ണം 635 ആയപ്പോൾ 2024 ൽ അത് 765 കേസുകളായി. ഈവർഷം ആഗസ്റ്റ് വരെ മാത്രം 851 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡിസംബർ വരെയുളള നാല് മാസം കൂടികണക്കു കൂട്ടുമ്പോൾ കേസ് എണ്ണം ആയിരം കടക്കാനാണ സാധ്യത.
എൻ.ഡി.പി.എസ് കേസുകളിൽ പ്രതികളായ 1857 പേരാണ് ഇക്കാലയളവിൽ ശിക്ഷയേറ്റുവാങ്ങിയത്. പ്രതിപട്ടികയിലുണ്ടായിരുന്ന 21 പേരെ വെറുതെ വിടുകയും ചെയ്തു. എക്സൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം 2021ൽ 67 പേരും 2022ൽ 237 പേരും 2023 ൽ 453 പേരും 2024 ൽ 656 പേരും ഈ വർഷം ആഗസ്റ്റ് വരെ 444 പേരുമാണ് എൻ.ഡി.പി.എസ് കേസുകളിൽ ശിക്ഷിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് കഴിഞ്ഞ വർഷവുമാണ്. 2023 ൽ നാല് പേരെയും 2024 ൽ ഒമ്പതു പേരെയും ഈ വർഷം ഇത് വരെ എട്ടുപേരും കുറ്റവിമുക്തരാകുകയും ചെയ്തു.
വലമുറുക്കി ലഹരി മാഫിയ
നിയമ നടപടികൾ കർക്കശമാക്കുമ്പോഴും ലഹരി മാഫിയ പ്രവർത്തനം സജീവമാണെന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുളള വിവരങ്ങൾ പറയുന്നത്. തൊടുപുഴ, അടിമാലി, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാർ, കുമളി അടക്കമുളള വിവിധ ടൗണുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലക്ഷ്യമാക്കിയാണ് ഇവരുടെ പ്രവർത്തനം.
യുവാക്കളും വിദ്യാർഥികളുമാണ് ഇവരുടെ ഇടപാടുകാരും കാരിയർമാരും. ലഹരിക്കടത്തിനായി യുവതികളേയും ഉപയോഗിക്കുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലയെന്ന നിലയിൽ കിട്ടുന്ന സൗകര്യങ്ങളും നിയമപാലകരുടെ പരിമിതികളും ഇവിടെ ലഹരി മാഫിയ മുതലെടുക്കുന്നുണ്ട്.


