വികസനം എത്തിനോക്കാതെ മക്കുവള്ളി
text_fieldsമക്കുവള്ളിയിലേക്കുള്ള റോഡ്
ചെറുതോണി: ജനവാസം ആരംഭിച്ചിട്ട് ഏഴര പതിറ്റാണ്ട് കഴിഞ്ഞെങ്കിലും വികസനം എത്തിനോക്കാതെയാണ് മക്കുവള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽപെട്ട, നാലുവശങ്ങളും വനത്താൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ ആദിവാസികളടക്കമുള്ള നൂറിലധികം കുടുംബം താമസിക്കുന്നു. കർഷകരാണ് ഭൂരിപക്ഷവും.
1947നുശേഷം ഭക്ഷ്യക്ഷാമം കൊടുമ്പിരികൊണ്ടപ്പോൾ അത് പരിഹരിക്കാൻ 1950ൽ സർ സി.പിയുടെ കാലത്ത് കുടിയിരുത്തിയ കുടുംബങ്ങളാണ് ഇവിടെയുള്ളത്. 29 കുടുംബത്തെയാണ് കുടിയിരുത്തിയത്. അന്ന് ഉടുമ്പന്നൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു സ്ഥലം. ഇപ്പോൾ നൂറിലധികം കുടുംബങ്ങളായി.
അടിസ്ഥാന സൗകര്യമില്ലാതെ ഏഴരപ്പതിറ്റാണ്ട്
അധികൃതരുടെ അവഗണനയുടെ നേർക്കാഴ്ചയാണ് ഇവിടുത്തേത്. അടിസ്ഥാനസൗകര്യമെന്നത് സ്വപ്നം മാത്രമാണ്. അധിക ഭക്ഷ്യോൽപാദനത്തിന് വനം വെട്ടിത്തെളിച്ച് വന്യമൃഗങ്ങളോടു മല്ലടിച്ച് മണ്ണിനെ പൊന്നാക്കിയ കർഷകരാണിവർ. എന്നാൽ, ഏഴരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും അടിസ്ഥാനസൗകര്യമില്ലാതെ ദുരിതം അനുഭവിക്കുകയാണ് ജനങ്ങൾ.
നെൽപാടങ്ങളാൽ സമൃദ്ധമായ ഈ ഗ്രാമം ‘ഇടുക്കിയുടെ കുട്ടനാട്’ എന്നാണ് അറിയപ്പെടുന്നത്. എന്നാൽ, ഇത്തരം വിളിപ്പേരുകൾക്ക് അപ്പുറത്തേക്ക് വികസനകാര്യത്തിൽ ക്രിയാത്മക ഇടപെടൽ നടത്താൻ ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല. പദ്ധതികൾ പലതും ജലരേഖയായി. ഇതോടെ ഇവരുടെ ദുരിതം പരിഹാരമില്ലാതെ നീണ്ടു.