അധികൃതരുടെ അനാസ്ഥ; അംഗൻവാടി കെട്ടിടം ചുവപ്പുനാടയിൽ കുരുങ്ങി
text_fieldsജില്ല ആസ്ഥാനത്ത് വൈദ്യുതി ബോർഡിലെ ക്വാർട്ടേഴ്സിൽ പ്രവർത്തിക്കുന്ന അംഗൻവാടി
ചെറുതോണി: ജില്ല ആസ്ഥാനത്ത് അംഗൻവാടി നിര്‍മിക്കുന്നതിനായി ജില്ല പഞ്ചായത്ത് സ്ഥലമനുവദിച്ചെങ്കിലും കെട്ടിട നിർമാണം ചുവപ്പുനാടയിൽ കുരുങ്ങി. ഇപ്പോൾ ഇതു സംബന്ധിച്ച ഫയൽ പോലും കാണാനില്ലന്നാണ് വിവരം. നിരന്തരമായി നിവേദനം നൽകിയതിന്റെയും പ്രതിഷേധമറിയിച്ചതിന്റെയും ഫലമായി പൈനാവില്‍ അഞ്ചര സെന്റ് സ്ഥലം ജില്ല പഞ്ചായത്ത് അഞ്ചു വർഷം മുൻപനുവദിച്ചു.
പക്ഷെ അധികൃതരുടെ മെല്ലെപ്പോക്കുമൂലം ഭരണാധികാരികളുടെ മൂക്കിനു താഴെ അംഗൻവാടി കെട്ടിടം ചുവപ്പുനാടയിൽ കുരുങ്ങുകയായിരുന്നു. അനുവദിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ജില്ല ഭരണകൂടം ഭൂമി കൈമാറുന്നതിനുള്ള നടപടികള്‍ വൈകിയതോടെ ഇതു സംബന്ധിച്ച രേഖകളും ഫയൽ കെട്ടുകൾക്കടിയിലായി. ഇതു കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരിൽപലരും സ്ഥലം മാറിപ്പോയി. ഇതോടെ യാതൊരു സൗകര്യമില്ലാത്ത കെട്ടിടത്തിൽ ഞെങ്ങിഞെരുങ്ങി ഇരുന്നാണ് ഇരുപതോളം കുരുന്നുകള്‍ ബാലപാഠങ്ങള്‍ പഠിക്കുന്നത്.
പൈനാവിലെ ഇടുങ്ങിയ പൊതുമരാമത്ത് ക്വാര്‍ട്ടേഴ്സിലെ ഒരു മുറിയാണ് ഇപ്പോഴത്തെ അംഗൻവാടി. ഏറെ നാള് അംഗൻവാടിയായി പ്രവര്‍ത്തിച്ചിരുന്ന ക്വാര്‍ട്ടേഴ്സിനു മുകളില്‍ മരം വീണ് കെട്ടിടം ഉപയോഗശൂന്യമായതോടെ കലക്ടര്‍ ഇടപെട്ട് ഏതാനും മാസം മുമ്പ് മറ്റൊരു ക്വാര്‍ട്ടേഴ്സ് താല്‍ക്കാലികമായി അനുവദിച്ചു നല്കി.എന്നാല്‍ ഇവിടെ സ്ഥല പരിമിതിയുള്ളതിനാല്‍ അസൗകര്യങ്ങള്‍ ഏറെയാണ്. ഇരുപതിലേറെ കുട്ടികള്‍ പഠിക്കുന്ന അഗൻവാടിയില്‍ കുട്ടികളെ കുത്തി നിറച്ചിരിക്കുകയാണ്. ഇതുമൂലം കുട്ടികൾ വീര്‍പ്പുമുട്ടുകയാണെന്നു രക്ഷിതാക്കള്‍ പറയുന്നു.
ജില്ലാ ആസ്ഥാനമായതിനാല്‍ ജീവനക്കാരുടെ കുട്ടികളാണ് ഇവിടെ എത്തുന്നവരില്‍ കൂടുതലും. വാഴത്തോപ്പ് പഞ്ചായത്ത് പൈനാവില്‍ അംഗൻവാടി നിര്‍മിക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10 ലക്ഷം രൂപ മാറ്റി വച്ചിരുന്നു. എന്നാല്‍ പല വട്ടം ആവശ്യപ്പെട്ടിട്ടും സ്ഥലം വിട്ടു കിട്ടാത്തതിനാല്‍ പണി നടന്നില്ല. ഈ സാമ്പത്തിക വര്‍ഷവും പഞ്ചായത്ത് അംഗൻവാടിക്കായി തുക വകയിരുത്തിയിട്ടുണ്ട്.
സ്ഥലം അനുവദിച്ചാല്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്ന് വാര്‍ഡ് മെംബര്‍ അറിയിച്ചെങ്കിലും ജില്ല ഭരണകൂടം നടപടി സ്വീകരിക്കുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളുടെ സുരക്ഷയെ കരുതി എത്രയുംവേഗം സ്ഥലം കൈമാറി നല്‍കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.