Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightവിപ്ലവസ്വപ്നങ്ങൾ...

വിപ്ലവസ്വപ്നങ്ങൾ ബാക്കിവെച്ച്​ രാജു സേവ്യർ യാത്രയായി

text_fields
bookmark_border
വിപ്ലവസ്വപ്നങ്ങൾ ബാക്കിവെച്ച്​ രാജു സേവ്യർ യാത്രയായി
cancel
camera_alt

രാ​ജു സേ​വ്യ​ർ

ചെറുതോണി: രാജു സേവ്യർ വിടവാങ്ങിയതോടെ ഓർമ്മയായത് ഒരു കാലത്ത് വസന്തത്തിന്‍റെ ഇടിമുഴക്കം സ്വപ്നം കണ്ട തലമുറയിലെ അവസാനത്തെ കണ്ണികളിലൊരാൾ.തന്റെ യൗവനകാലത്താണ് ഇടുക്കി - തടിയമ്പാട് - മഞ്ഞപ്പാറ നിവാസിയായ കുത്തനാപിളളിൽ രാജു സേവ്യർ നക്സലെറ്റ് പ്രസ്ഥാനത്തിലേയ്ക്ക് ആകൃഷ്ടനായത്.

ഇടുക്കി അണക്കെട്ട് നിർമാണ കാലത്ത് കുപ്രസിദ്ധനായിരുന്ന എസ്.ഐ. ജിന്ന ഇക്കാര്യങ്ങൾ മനസ്സിലാക്കി പലതവണ താക്കീത് ചെയ്‌െതങ്കിലും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ രാജു സേവ്യർ വ്യാപൃതനായി. വർഗ, വർണ രഹിത സമൂഹത്തിന് വേണ്ടിയുള്ള പടയൊരുക്കവും, സ്വപ്നങ്ങളുമായിരുന്നു മനസ്സിൽ, സോഷ്യലിസത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും സർക്കാർ ഉദ്യോഗവും ഒരുമിച്ച് മുന്നോട്ട് പോവിെല്ലന്ന് മനസ്സിലാക്കി അക്കാലത്ത് തന്നെ തന്റെ എസ്.എസ്.എൽ.സി ബുക്ക്‌ കത്തിച്ച് ചാമ്പലാക്കി.

റെയിൽവേയിൽ ക്ലാർക്കായി ജോലികിട്ടിയെങ്കിലും ജോലി ഉപേക്ഷിച്ചു. കെ.വേണു സി.പി.ഐ.എം.എൽ സെക്രട്ടറിയും കെ.എൻ. രാമചന്ദ്രൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കാലം.ജോൺ എബ്രാഹവും സിവിക് ചന്ദ്രനും, കെ.എം.സലിം കുമാറുമൊക്കെയായി ഇക്കാലത്ത് അടുത്ത ബന്ധം പുലർത്തി.പി.എം ആന്റണിയുടെ ‘ചെന്നായ്ക്കൾ ചെന്നായ്ക്കൾ’ എന്ന നാടകം സർക്കാർ നിരോധിച്ചപ്പോൾ ഫോർട്ട് കൊച്ചിയിൽ നാടകം കളിച്ചു. പൊലീസ് നേരിട്ടപ്പോൾ ലാത്തിച്ചാർജ് നടന്നു. രാജു സേവ്യർ ഉൾപ്പെടെയുള്ളവർ കായലിൽ ചാടി രക്ഷപ്പെട്ടു. പാർട്ടിയിലേയ്ക്ക് യുവാക്കളെ ആകർഷിക്കുന്നതിനും പുതുതലമുറയെ സജ്ജമാക്കുന്നതിനും യുവജനവേദിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.

വനനശീകരണവും, മരംമുറിക്കലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ കടന്ന് കയറി ഗ്യാലറിയിൽ നിന്ന് നോട്ടീസ് വലിച്ചെറിഞ്ഞ് മുദ്രാവാക്യം വിളിച്ച് പൊലീസ് മർദ്ദനവും ഏറ്റുവാങ്ങി. പിന്നീട് പാർട്ടി പിരിച്ചു വിട്ടതോടെ രാജു സാമൂഹികപ്രവർത്തകനായി. കർഷർക്കൊപ്പം മലനാട് കർഷക രക്ഷാസമിതി എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. വിപ്ലവം വിജയിക്കുമെന്ന സ്വപ്നങ്ങൾ ബാക്കി െവച്ചാണ് രാജു വിടവാങ്ങുന്നത്. വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടന്ന സംസ്കാര ചടങ്ങിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.

Show Full Article
TAGS:commemoration cheruthoni 
News Summary - Commemoration of Raju Savier
Next Story