അഴിമതിയും പിടിപ്പുകേടും; കാൽവരി മൗണ്ടിലെ ടൂറിസം സെന്ററിന് പൂട്ടുവീണിട്ട് ഏഴു വർഷം, തുലച്ചത് ഒരുകോടി
text_fieldsകാൽവരിമൗണ്ടിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച
ടൂറിസം സെന്റർ
ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാൽവരി മൗണ്ടിൽ പണികഴിപ്പിച്ച ടൂറിസം സെന്ററിന് പൂട്ടുവീണിട്ട് ഏഴുവർഷം. അഴിമതിയും പിടിപ്പുകേടും മൂലം തുലച്ചത് ഒരുകോടി രൂപ. 2015ൽ ആരംഭിച്ച പദ്ധതി 10 വർഷം പിന്നിടുമ്പോഴും പൂർത്തിയാക്കാനായിട്ടില്ല. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് നഷ്ടമാവുന്നത്. നാട്ടുകാരനായ ഒരുവ്യക്തിയാണ് സൗജന്യമായി ആറ് സെന്റ് സ്ഥലം നൽകിയത്.
ആധാരം നടത്തിയതാകട്ടെ അഞ്ചുസെൻറ് സ്ഥലം. ലക്ഷങ്ങൾ വിലയുള്ള സ്ഥലത്തിൽ ഒരു സെന്റ് കുറഞ്ഞു. ഇവിടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഒരുകോടി രൂപയോളം മുടക്കി കെട്ടിടം നിർമിച്ചത്. 12 മുറികളാണ് ടൂറിസം സെന്ററിലുള്ളത്. 2018ൽ നിർമാണം ആരംഭിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും സമാപനവും ഒരു വർഷം തന്നെ നടന്നു. പാർക്കിങ് സൗകര്യമില്ല, ലിഫ്റ്റില്ല ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി കാമാക്ഷി പഞ്ചായത്ത് എൻ.ഒ.സി നൽകുന്നതിന് തടസ്സങ്ങൾ ഉന്നയിച്ചതോടെ പൂട്ടുവീണു. പിന്നീടുവന്ന ഭരണസമിതി പ്രധാന നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയാക്കിയെങ്കിലും രാഷ്ട്രീയ ചേരിപ്പോരുമൂലം കെട്ടിടം ചുവപ്പുനാടയിൽ കുരുങ്ങി.
സന്ദർശകർക്ക് താമസിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത പ്രദേശമാണ് കാൽവരി മൗണ്ട്. സമീപപ്രദേശങ്ങളിൽ സ്വകാര്യ റിസോർട്ടുകളും ഹോംസ്റ്റേകളും മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കുമ്പോഴാണ് ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ടൂറിസം സെൻറർ കാടുകയറി നശിക്കുന്നത്. അധികൃതർ ഇടപെട്ട് അടിയന്തരമായി കെട്ടിടം തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് സന്ദർശകരും നാട്ടുകാരുമെല്ലാം നിരന്തരം ആവശ്യപ്പെടുന്നുണ്ടങ്കിലും ഒരു ഫലവുമില്ലാത്ത അവസ്ഥയാണ്.