സാധാരണക്കാരെ വായനശീലം പഠിപ്പിച്ച ദേവസ്യ പള്ളിവാസൽ
text_fieldsപിതൃഭൂമി മാസിക
ചെറുതോണി: ഹൈറേഞ്ചിലെ കർഷകരും കർഷകത്തൊഴിലാളികളുമായിരുന്ന സാധാരണ ജനങ്ങളെ വായനയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടുവന്നയാളായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച ദേവസ്യ പള്ളിവാസൽ.
‘ഫോണും വാട്സ്ആപ്പും ഇന്റർനെറ്റും ഇല്ലാതിരുന്ന കാലത്ത് ഇദ്ദേഹം സ്വന്തമായി നടത്തിയിരുന്ന മാസികയായിരുന്നു പിതൃഭൂമി.
1980കളിൽ രണ്ട് വർഷമേ ഇതു നിലനിന്നുള്ളൂ.
പള്ളിവാസൽ പഞ്ചായത്തിലെ ആനച്ചാൽ ഈട്ടി സിറ്റിയിലായിരുന്നു വീട്.
എറണാകുളത്ത് അച്ചടിച്ച് ഹൈറേഞ്ചിൽ കൊണ്ടുവന്ന് ഒറ്റക്ക് വിതരണം ചെയ്തിരുന്ന ദേവസ്യക്ക് മാസിക തന്റെ ജീവനേക്കാൾ വലുതായിരുന്നു.
വെള്ളത്തൂവൽ, കുത്തുപാറ, മുതുവാൻകുടി, മൂന്നാർ, അടിമാലി, പനംകുട്ടി തുടങ്ങിയ സ്ഥലങ്ങളിൽ കാൽനടയായി സഞ്ചരിച്ച് മാസിക വീടുകളിലെത്തിച്ച് സാധാരണക്കാരെ വായനശീലം പഠിപ്പിക്കുക മാത്രമല്ല പുത്തൻ തലമുറയെ എഴുത്തിന്റെ ലോകത്തേക്കു കൈപിടിച്ചുയർത്താനും ഇദ്ദേഹം മറന്നില്ല.
ഇടുക്കിയുടെ വളക്കൂറുള്ള മണ്ണിൽ ഒരിക്കലും മാസിക വേരുപിടിക്കില്ലെന്ന സത്യം മനസ്സിലാക്കി അൽപം വൈകിയാണെങ്കിലും മാസിക പ്രസിദ്ധീകരണം നിർത്തേണ്ടിവന്നു. 10 വർഷമായി മാധ്യമരംഗവും പൊതുരംഗവും വിട്ട് വിശ്രമജീവിതം നയിച്ചുവരുന്നതിനിടെയാണ് അന്ത്യം.