35 വർഷത്തെ കാത്തിരിപ്പ്; അട്ടിക്കളം-അമ്പലപ്പടി റോഡ് ഇനിയെങ്കിലും നന്നാക്കുമോ?
text_fieldsഅട്ടിക്കളം-അമ്പലപ്പടി റോഡ്
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ അട്ടിക്കളം ആറാം വാർഡിലെ ജനങ്ങൾ ഒരു റോഡിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് 35 വർഷമായി. ഈ പ്രദേശത്തെ ഗതാഗത ആവശ്യത്തിന് റോഡ് വേണമെന്ന ആഗ്രഹത്തിന്റെ പേരിൽ ജനങ്ങൾ പൂർണ സമ്മതത്തോടെ സ്ഥലം പഞ്ചായത്തിന് വിട്ടുനൽകി. ഇതിനു വേണ്ടി കായ്ഫലമുള്ള തെങ്ങ്, ജാതി, കുരുമുളക് ചെടി എന്നിവയെല്ലാം നഷ്ടപ്പെടുത്തി.
അമ്പലപ്പടി-അട്ടിക്കളം എന്ന പേരിൽ പഞ്ചായത്ത് ആസ്തിയിൽ ചേർത്ത ഈ റോഡിന് ഒന്നേമുക്കാൽ കിലോമീറ്റർ ദൂരമുണ്ട് അര കിലോമീറ്റർ മാത്രമേ ഗതാഗതയോഗ്യമുള്ളൂ. ബാക്കി മണ്ണ് വഴിയാണ്. മഴക്കാലമായാൽ കാൽ നടപോലും പറ്റില്ല.
പ്രദേശത്തെ 100 വീട്ടുകാർക്ക് ഉപകാരപ്പെടുന്നതാണ് ഈ റോഡ്. ഈ പ്രദേശത്ത് വാഹനം എത്താത്തതിന്റെ പേരിൽ ആശുപത്രിയിൽ പോകാൻ സാധിക്കാതെ ദുരിതത്തിൽ കഴിയുന്ന രോഗികൾ വരെയുണ്ട്. ബന്ധപ്പെട്ടവർ ഇക്കാര്യം അറിഞ്ഞിട്ടുള്ളതാണ്. പഞ്ചായത്തിൽ അന്വേഷിക്കുമ്പോൾ ഫണ്ടില്ല എന്ന മറുപടിയാണ് കിട്ടുന്നത്. എത്രയും വേഗം റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.