പാലം ആര് പുനർനിർമിക്കും?; കഞ്ഞിക്കുഴി പഞ്ചായത്തും ജലസേചന വകുപ്പും തമ്മിൽ തർക്കം
text_fieldsനാട്ടുകാർ താൽക്കാലികമായി ഉണ്ടാക്കിയ പാലം
ചെറുതോണി: പഞ്ചായത്തും ജലസേചന വകുപ്പും തമ്മിലുള്ള തർക്കം മൂലം അറുപതോളം കുടുംബങ്ങൾ ജീവൻ പണയം വെച്ചു കഴിയുകയാണിവിടെ . 2018ലെ മഹാപ്രളയത്തിൽ തകർന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവട്-പെരിയാർവാലി ചെക്ക് ഡാമിന്റെ നടപ്പാലം പുനർനിർമിക്കാത്തതാണ് ജനങ്ങളുടെ ഭീതിക്ക് കാരണം. കഞ്ഞിക്കുഴി പഞ്ചായത്തും ജലസേചന വകുപ്പും തമ്മിലുള്ള തർക്കം തുടരുന്നതാണ് പുനർനിർമാണം വൈകുന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങൾക്കു മുമ്പ് ഈ പ്രദേശത്തെ കർഷകർക്ക് കൃഷി ആവശ്യത്തിനായി ജലസേചന വകുപ്പ് ചുരുളിത്തോട്ടിൽനിന്നുള്ള വെള്ളം തടഞ്ഞുനിർത്തിയാണ് ചെക്ക്ഡാം നിർമിച്ചത്.
ഇതോടനുബന്ധിച്ച് പ്രദേശവാസികൾക്ക് അക്കരയിക്കരെ കടക്കുന്നതിന് ഒരു പാലവും നിർമിച്ചു. ഇവിടം മുതൽ നാട്ടുകാരുടെ ദുരിതവും ആരംഭിച്ചു. 2018ലെ മഹാപ്രളയത്തിൻ ഡാമും പാലവും ഒലിച്ചു പോയി. അന്നുമുതൽ പാലം നിർമിച്ചു നൽകണമെന്ന് നിരന്തരം നാട്ടുകാർ ആവശ്യപ്പെടുന്നതാണ്. ജലസേചന വകുപ്പ് പുനർനിർമിച്ചു തരട്ടെ എന്ന നിലപാടിലാണ് പഞ്ചായത്ത്. ജലസേചനവകുപ്പ് ഈ പദ്ധതി തന്നെ ഉപേക്ഷിച്ച മട്ടാണ്. ഈ വേനൽകാലത്തെങ്കിലും പാലംപുനർനിർമിച്ച് നൽകിയില്ലെങ്കിൽ മഴ എത്തുന്നതോടെ അറുപതോളം കുടുംബങ്ങൾ ഭീതിയിൽ കഴിയേണ്ടിവരും. മഴക്കാലത്ത് ചുരുളിത്തോട് കരകവിയുന്നതോടെ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ചു വേണം പുറംലോകത്തെത്താൻ. പഞ്ചായത്തേറ്റെടുത്ത് പാലം നിർമിച്ചു നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.