പിതാവിനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ സംഭവം: അന്വേഷണം ഊർജിതം
text_fieldsമുഹമ്മദ് ഫാസിൽ, ദീപു
ചെറുതോണി: സ്വത്തുതർക്കത്തെ തുടർന്ന് പിതാവിനെ തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ സംഭവത്തിൽ ബാക്കി മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. തട്ടിക്കൊണ്ടുപോയ വാഹനവും കണ്ടുകിട്ടാനുണ്ട്.
സംഭവത്തിൽ അറസ്റ്റിലായ മകനെയും സുഹൃത്തിനേയും കോടതി റിമാൻഡ് ചെയ്തു. മകൻ പടമുഖം കൊച്ചുപറമ്പിൽ ദീപു (27), സുഹൃത്ത് പാലക്കാട് പുള്ളത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (29) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
ദീപുവിന്റെ പിതാവ് മോഹൻദാസിനെയാണ് (56) പ്രതികൾ ചെറുതോണിയിൽനിന്ന് തട്ടിക്കൊണ്ടുപോയത്. മോഹൻദാസ് കട്ടപ്പനയിൽ സഹോദരിയുടെ കൂടെയാണ് താമസം. കേസിന്റെ ആവശ്യത്തിനായി ചെറുതോണിക്ക് പോയ സഹോദരനെ തട്ടിക്കൊണ്ടുപോയതായി സഹോദരി ഷൈലജയാണ് കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയത് ചെറുതോണിയിൽനിന്നായിരുന്നതിനാൽ കേസ് ഇടുക്കി പൊലീസിന് കൈമാറുകയായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ആലുവയിൽനിന്നാണ് പ്രതികൾ പിടിയിലാകുന്നത്. മോഹൻദാസിനെ വീണ്ടെടുത്ത് സഹോദരിയോടൊപ്പം വിട്ടയച്ചു. പിതാവ് കോടതിയിലെത്താതിരിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നു. കട്ടപ്പന പൊലീസാണ് കേസ് അന്വേഷിക്കുന്നത്.


