സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം; പദ്ധതി നിർവഹണത്തെ താളംതെറ്റിച്ച് ഫണ്ട് വിനിയോഗം
text_fieldsചെറുതോണി: 31 ന് സാമ്പത്തികവർഷം തീരാനിരിക്കെ പദ്ധതിനിർവഹണം താളം തെറ്റിയ നിലയിൽ. ഇതുവരെ ത്രിതല പഞ്ചായത്തുകൾ വിനിയോഗിച്ചത് 40 ശതമാനം ഫണ്ടു മാത്രമാണ്. ജില്ല പഞ്ചായത്ത് 37 ശതമാനവും ബ്ലോക് പഞ്ചായത്തുകൾ 38 ശതമാനവുമാണ് ഇതുവരെ വിനിയോഗിച്ചത്. ഗ്രാമ പഞ്ചായത്തുകൾ 43 ശതമാനമാണ് വിനിയോഗിച്ചത്. ബ്ലോക് പഞ്ചായത്തിൽ ഇളം ദേശമാണ് മുന്നിൽ.
59 85 ശതമാനം ഇവിടെ വിനിയോഗിച്ചു. ഏറ്റവും കുറവ് ദേവികുളം ബ്ലോക്കിനാണ് . വെറും 14.65 ശതമാനം ഫണ്ട് മാത്രമാണ് ഇവിടെ വിനിയോഗിച്ചത്. എട്ടു ബ്ലോക് പഞ്ചായത്തുകളാണുള്ളത്. ഇവിടങ്ങളിൽ ചിലവിട്ടത് 38 ശതമാനം മാത്രമാണ് . പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ ഫണ്ടു ചിലവഴിച്ചതിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ പുറപ്പുഴയും കാഞ്ചിയാറിനുമാണ്. പുറപ്പുഴ -58.39 ശതമാനം,കാഞ്ചിയാർ-57.43 എന്നിങ്ങനെയാണ്. ഫണ്ട് വിനിയോഗം ഏറ്റവും കുറവ് മറയൂർ പഞ്ചായത്താണ്-19.42 ശതമാനം. രണ്ട് നഗരസഭകൾ 42.17 ശതമാനം ഫണ്ടാണ് ചിലവഴിച്ചത്.
സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ പദ്ധതി നിർവഹണത്തിൽ ത്രിതല പഞ്ചായത്തുകൾ കുറ്റകരമായ വീഴ്ച വരുത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിവിധ വികസനപ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ച തുകയുടെ 40 ശതമാനം പോലും വിനിയോഗിക്കാൻ കഴിയാതെയാണ് ജില്ലയിലെ ഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളും ബ്ലോക് പഞ്ചായത്തുകളും ജില്ല പഞ്ചായത്തും വീഴ്ചവരുത്തിയിരിക്കുന്നത്. റോഡ്, കുടിവെള്ളം, വൈദ്യുതി, നടപ്പാതകൾ തുടങ്ങി അടിസ്ഥാനസൗകര്യങ്ങൾ നടപ്പാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകൾ വൻ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ട്രഷറി നിയന്ത്രണങ്ങളും പദ്ധതി വിഹിതം അനുവദിക്കുന്നതിൽ സർക്കാർ വരുത്തിയ കാലതാമസവുമാണ് ത്രിതല പഞ്ചായത്തുകൾ കാരണമായി പറയുന്നത്.
അനുവദിച്ച ഫണ്ട് 31 നകം വിനിയോഗിച്ചില്ലങ്കിൽ അടുത്തവർഷത്തെ ഫണ്ടിൽ അത്രയും തുക കുറച്ചാകും അനുവദിക്കുക. ഇത് ത്രിതലപഞ്ചായത്തുകളുടെ വികസനത്തെ ബാധിക്കും. ലൈഫ് ഭവനനിർമ്മാണ പദ്ധതിയിലൂടെ അർഹരായവർക്ക് വീട് നൽകാതെ അനർഹർക്കുനൽകിയ പരാതികളും നിരവധിയാണ്. വിവിധ വികസന പ്രവർത്തനങ്ങൾക്കായി ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾക്ക് 200 കോടിയോളം രൂപ സർക്കാർ അനുവദിച്ചിട്ടും പകുതിതുക പോലും പദ്ധതി നിർവഹണത്തിനായി ചിലവാക്കിയിട്ടില്ല. സാമ്പത്തിക വർഷത്തിന്റെ അവസാനം തിരക്കിട്ട പണികൾ നടത്തുന്നതുമൂലം പലപ്പോഴും വേണ്ടത്ര ഫലം ലഭിക്കാതെ വരികയും ഗുണമേൻമ ഇല്ലാതാവുകയും ചെയ്യുന്നതും തുടർക്കഥയാണ്. അസിസ്റ്റന്റ് എൻജിനീയർമാരില്ല, ഓവർസിയറില്ല എന്ന പരാതിയാണ്, മിക്ക പഞ്ചായത്തുകളും ചൂണ്ടിക്കാട്ടുന്നത്.
ജില്ലക്കനുവദിച്ച ബജറ്റ് വിഹിതത്തിലും വാർഷിക പദ്ധതിയിലും ഉദ്യോഗസ്ഥരും വീഴ്ചവരുത്തുന്നതായി ആരോപണമുണ്ട്. ഇതുവരെ 25 ശതമാനം പോലും പൂർത്തിയാക്കിയിട്ടില്ല. ജില്ല തല ഓഫീസർമാർ മെല്ലെപ്പോക്കു നടത്തുന്നതു മൂലം അനുവദിച്ച തുക ശരിയായ രീതിയിൽ വിനിയോഗിക്കുന്നില്ല.കലക്ടർ വിളിച്ചു ചേർക്കുന്ന വികസന യോഗം പ്രഹസനമായി മാറുകയാണ്.
മിക്ക ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ വരാറില്ല. ശരിയായ രീതിയിൽ അവലോകനയോഗം നടത്തി ഫണ്ട് ചില വഴിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ പോലും പല വകുപ്പുകളുടെയും ഉദ്യോഗസ്ഥൻമാരും ജനപ്രതിനിധികളും തയ്യാറായിട്ടില്ല. മാർച്ച് 31 നു മുൻപ് എങ്ങനെയെങ്കിലും പദ്ധതികൾ തട്ടിക്കൂട്ടി തുക മേടിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും.