സോജന്റെ കരവിരുതിൽ വിരിഞ്ഞു ഗാന്ധി ശിൽപം
text_fieldsസോജൻ ജോസഫ് ഗാന്ധി പ്രതിമക്കു സമീപം
ചെറുതോണി: ദേശീയ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി ശിൽപം നിർമിച്ച് കലാധ്യാപകൻ ശ്രദ്ധേയനാവുന്നു. വാഴത്തോപ്പ് സെന്റ് ജോർജ് ഹൈസ്കൂളിലെ കലാധ്യാപകനായ മുരിക്കാശേരി സ്വദേശി മുതുപ്ലാക്കൽ സോജൻ ജോസഫാണ് മഹാത്മാവിന്റെ പ്രതിമ സിമന്റിൽ നിർമിച്ചത്.
സ്കൂൾ പ്രവർത്തി ദിവസങ്ങളിലെ ഒഴിവു സമയങ്ങളാണ് ശിൽപ നിർമാണത്തിനായി കണ്ടെത്തി. ഏകദേശം ഒരു മാസത്തോളമെടുത്താണ് നിർമാണം പൂർത്തിയാകിയത്. സിമന്റും കമ്പിയും ഉപയോഗിച്ച് നിർമിച്ച ശിൽപത്തിന് വെങ്കല പ്രതിമയുടെ നിറവും നൽകി. മഴയും വെയിലും പ്രതിരോധിക്കാവുന്ന രീതിയിലാണ് ശിൽത്തിന്റെ നിർമാണം. ശില്പം പിന്നീട് സ്കൂൾ കോമ്പൗണ്ടിൽ പ്രതിഷ്ഠിക്കും.
12 വർഷമായി വാഴത്തോപ്പ് സെന്റ് ജോർജ് ഹൈസ്കൂളിലെ കലാധ്യാപകനാണ് ഇദ്ദേഹം. മാവേലിക്കര ഗവ. രവി വർമ കോളജിൽനിന്ന് ബി.എഫ്.എയും ബാംഗ്ലൂർ ജ്ഞാനഭാരതിയൻ യൂനിവേഴ്സിറ്റിയിൽനിന്ന് എം.എഫ്.എയും കരസ്ഥമാക്കി. കൽക്കട്ട ശാന്തിനികേതനിൽനിന്ന് ബ്രിഡ്ജ് കോഴ്സും പാസായി. ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിനു പുറമെ തിരൂർ എം.ഇ.എസ് സെൻഡ്രൽ സ്കൂൾ, ബാംഗ്ലൂർ എസ്ജെ.ആർ പബ്ലിക് സ്കൂൾ, പ്രസിഡന്റ്സി സ്കൂൾ ഓഫ് ബാംഗളൂർ എന്നിവിടങ്ങളിലും കലാധ്യാപകനായി സേവനമനുഷ്ടിച്ചു. മോഡേൺ ആർട്ടിൽ എക്സിബിഷനും നടത്താറുണ്ട്. വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ ഇദ്ദേഹത്തിന് കീഴിൽ പരിശീലനം നേടിയ വാഴത്തോപ്പ് സ്കൂളിലെ വിദ്യാർഥികൾ സംസ്ഥാനതല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.


