ടൗണിൽ മാലിന്യം തള്ളി; മൂക്കുപൊത്തി നാട്ടുകാർ
text_fieldsചെറുതോണി പാലത്തിനു സമീപം വാഹനത്തില്‍ കൊണ്ടുവന്ന് മാലിന്യം തള്ളുന്നു
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ ചെറുതോണി ടൗണിലെ പുതിയ പാലത്തിനു സമീപം തള്ളി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച വൈകീട്ടുമാണ് മാലിന്യം നിക്ഷേപിച്ചതെന്ന് നാട്ടുകാർ പറയുന്നു.
രാത്രിയില്‍ കൊണ്ടുവന്നിട്ടത് ആരും കണ്ടില്ല. വീണ്ടും വൈകിട്ട് കൊണ്ടുവന്നപ്പോഴാണ് വ്യാപാരികളും നാട്ടുകാരും കാണുന്നത്. കുപ്പിച്ചില്ല്, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ചാക്കില്‍ കെട്ടിയും അല്ലാതെയും കൊണ്ടുവന്നിട്ടിരിക്കുന്നത്. ടൗണില്‍ പാര്‍ക്കിങ്ങിനായി വ്യാപാരികള്‍ പണം മുടക്കി ശുചീകരിച്ച സ്ഥലത്താണ് മാലിന്യങ്ങള്‍ തള്ളിയത്. മുന്‍കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ മദ്യപാനത്തിനും വ്യാജമദ്യ വില്‍പ്പനക്കും കൈയ്യടക്കിയ സ്ഥലം വ്യാപാരികളിടപെട്ട് ജെ.സി.ബി ഉപയോഗിച്ച് നന്നാക്കിയതിനെത്തുടര്ന്ന് ശുചിയായി കിടന്ന സ്ഥലത്താണ് പഞ്ചായത്തിന്റെ നിർദേശപ്രകാരം മാലിന്യം കൊണ്ടു വന്നു തള്ളിയത്. ഇതു സംബന്ധിച്ച് വ്യപാരികളും ഓട്ടോറിക്ഷ തൊഴിലാളികും നാട്ടുകാരും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കി.