സർക്കാർ ഫോണുകൾ നിശ്ചലം; വിളിച്ചാൽ എടുക്കാൻ ഉദ്യോഗസ്ഥർക്ക് മടി...
text_fieldsമീറ്റിങ്ങുകളിലും മറ്റും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സമയത്ത് ഫോണെടുക്കാന്‍ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയോ അല്ലെങ്കില്‍ തിരിച്ചുവിളിക്കുകയോ ചെയ്യേണ്ടതാണ്. എന്നാല്‍ ആരും തിരിച്ചുവിളിക്കാറില്ലെന്ന് അനുഭവസ്ഥർ പറയുന്നു
ചെറുതോണി: ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥരെ വിളിച്ചാല്‍ ഫോണെടുക്കുന്നില്ലെന്ന് പരാതി. ഇതുമൂലം ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടക്കം പ്രയാസപ്പെടുകയാണെന്നാണ് ആക്ഷേപം. റവന്യൂ വകുപ്പിലെ ഭൂരിഭാഗം വകുപ്പ് മേധാവിമാരും ഫോണെടുക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. മഴക്കാലത്തും അടിയന്തര ഘട്ടങ്ങളിലും പൊതുജനങ്ങള്‍ക്ക് സഹായത്തിനും സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് നിര്‍ദ്ദേശം നല്കുന്നതിനുമാണ് സര്‍ക്കാര്‍ ഫോണ്‍ അനുവദിച്ചുനല്‍കിയിരിക്കുന്നത്. ഒരു ഓഫിസിലെയും ലാൻഡ് ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ല.
പൊലീസ് സ്റ്റേഷനിലെയും, ആശുപത്രിയിലെയും ലാൻഡ്ഫോണുകള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. മീറ്റിങ്ങുകളിലും മറ്റും ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന സമയത്ത് ഫോണെടുക്കാന്‍ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയോ അല്ലെങ്കില്‍ തിരിച്ചുവിളിക്കുകയോ ചെയ്യേണ്ടതാണ്. എന്നാല്‍ ആരും തിരിച്ചുവിളിക്കാറില്ലെന്ന് അനുഭവസ്ഥർ പറയുന്നു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഫോണെടുക്കാറുണ്ടെങ്കിലും പൊലീസ് സ്റ്റേഷനുകളില്‍ ഫോണെടുക്കാത്തത് അടിയന്തര ഘട്ടങ്ങളില്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മഴക്കാലത്ത് ഉരുള്‍പൊട്ടല്‍, അപകടങ്ങള്‍, വഴി ബ്ലോക്കാകൽ സംഭവിക്കുമ്പോഴൊക്കെ സര്‍ക്കാർ സംവിധാനങ്ങളുടെ ഇടപെടൽ അത്യാവശ്യമാണ്.
വകുപ്പുതല ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നല്‍കേണ്ടത്. പൊലീസ്, ആശുപത്രികള്‍, റവന്യൂ, വനം വകുപ്പ്, ഫയര്‍ഫോഴ്സ്, എക്സൈസ് തുടങ്ങിയ വകുപ്പുതലവന്മാര് 24 മണിക്കൂറും ഫോണെടുക്കണമെന്ന് നിര്‍ദ്ദേശമുള്ളതാണ്. എന്നാല്‍ പലരും ഇതിന് തയ്യാറാകുന്നില്ല. സാധാരണജനങ്ങളും, വിദ്യാഭ്യാസം കുറഞ്ഞവരും, ആദിവാസികളുമുള്പ്പെടെയുള്ളവര് പൊതുപ്രവര്‍ത്തകരോടും ജനപ്രതിനിധികളോടും സഹായമാവശ്യപ്പെടുമ്പോള് ഇവര്‍ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരെയാണ് കൂടുതലും ബന്ധപ്പെടുന്നത്. എന്നാല്‍ ഉദ്യോഗസ്ഥർ ഫോണെടുക്കാത്തതിനാല്‍ പലപ്പോഴും ജനപ്രതിനിധികളും വലയുകയാണ്. ഓഫിസ് സമയം കഴിഞ്ഞാല്‍ ഫോണിലൂടെ അടിയന്തര ഘട്ടങ്ങളില്‍ വിവരം കൈമാറേണ്ടതുണ്ട്. ഫോണെടുക്കാത്തതിനാല്‍ ഇതിന് കഴിയുന്നില്ലെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു.