സർക്കാർ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു
text_fieldsഇടുക്കി ഡി.എം.ഒ ഓഫിസിന് മുന്നിൽ തുരുമ്പെടുത്ത്
നശിക്കുന്ന കാലാവധി കഴിഞ്ഞ വാഹനങ്ങൾ
ചെറുതോണി: കാലാവധി കഴിഞ്ഞ സർക്കാർ വാഹനങ്ങൾ നീക്കം ചെയ്യാതെ തുരുമ്പെടുത്ത് നശിക്കുന്നു. കലക്ടറേറ്റ് ഷെഡിൽ മൂന്നു വാഹനങ്ങളും ഡി.എം.ഒ ഓഫിസിന് മുറ്റത്ത് അര ഡസനോളം വാഹനങ്ങളുമാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. സർക്കാർ വാഹനങ്ങൾ കാലാവധി കഴിഞ്ഞ് കട്ടപ്പുറത്തായാൽ നീക്കം ചെയ്യുന്നതിലെ നൂലാമാലകളാണ് ഒഴിവാക്കുന്നതിന് തടസ്സമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വ നീക്കം ചെയ്താൽ ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. കലക്ടറേറ്റിന്റെ കാർ ഷെഡിൽ സർക്കാർ വാഹനമല്ലാതെ ജീവനക്കാരുടെ പോലും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല. അങ്ങനെയുള്ളിടത്താണ് കണ്ടംചെയ്ത വാഹനങ്ങൾ കിടക്കുന്നത്. പാർക്കിങ്ങിന് സ്ഥല സൗകര്യക്കുറവുള്ള ഇവിടെ നിന്ന് ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
ഡി. എം. ഒ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഭൂപതിവ് ഓഫിസ്, നാഷനൽ ഹെൽത്ത് മിഷൻ ഓഫിസ്, കുടുംബശ്രീ ഓഫിസ് തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്ന നൂറിലധികം ജീവനക്കാരുണ്ട്. ഇവർക്കെല്ലാം തടസ്സമായി കാലഹരണപ്പെട്ട വാഹനങ്ങൾ കിടക്കുകയാണ്. എത്രയും വേഗം നടപടിയുണ്ടാകണമെന്നാണ് ജീവനക്കാരും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.