തൊണ്ണൂറാം വയസിലും നോമ്പ് മുടക്കാതെ ഹൈദ്രോസ്
text_fieldsഖുർആൻ പാരായണം ചെയ്യുന്ന ഹൈദ്രോസ്
ചെറുതോണി: റമദാൻ വ്രതത്തിൽ നിന്ന് വയോധികർ അധികവും മാറിനിൽക്കുമ്പോൾ 90ാം വയസിലും നോമ്പ് മുടക്കാതെയും ഖുർആൻ വായിച്ചും കഴിയുകയാണ് ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകനായ കൊച്ചുപൈനാവ് പറക്കോട്ടിൽ ഹൈദ്രോസ്.
1960 കളിൽ കോതമംഗലം അടിവാട് നിന്ന് ഹൈറേഞ്ചിലേക്ക് കുടിയേറി വന്നതാണ് ഹൈദ്രോസ്. അടിമാലി ചാറ്റു പാറയിലാണ് ആദ്യമായി വരുന്നത്. തുടർന്ന് കഞ്ഞിക്കുഴിയിലെത്തി. അവിടെ നിന്നാണ് ചെറുതോണി കൊച്ചുപൈനാവിലെത്തി സ്ഥിരതാമസമാക്കുന്നത്.
10 വർഷം മുമ്പ് ഉംറക്ക് പോയി. അതിനു മുമ്പ് ചുരുളി ജുമാ മസ്ജിദ് പ്രസിഡണ്ടായും പ്രവർത്തിച്ചു. മതസൗഹാർദ്ദം കാത്തുസൂക്ഷിച്ചിരുന്ന തലമുറയാണ് അന്നുണ്ടായിരുന്നതെന്ന് പഴയ കാലം ഓർത്തെടുത്ത് ഹൈദ്രോസ് പറഞ്ഞു. അതോടൊപ്പം ചില റമദാൻ നൻമകളെക്കുറിച്ചും ഓർമ്മിച്ചെടുത്തു.
അന്നൊക്കെ വീട്ടിൽ പാകം ചെയ്ത നോമ്പുതുറ വിഭവങ്ങൾ കഴിക്കാനെത്തിയിരുന്ന സുഹൃത്തുക്കളിൽ ഭൂരിഭാഗവും സഹോദര സമുദായക്കാരായിരുന്നു. 1970, 80 കാലഘട്ടത്തിൽ തങ്ങൾ നടത്തിയിരുന്ന സമൂഹ നോമ്പുതുറ ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങളിൽ ചിന്തിക്കാൻ കൂടി കഴിയാത്ത ഒന്നായി ഹൈദ്രോസ് ചൂണ്ടിക്കാട്ടുന്നു.
അഞ്ച് മക്കളാണ് ഇദ്ദേഹത്തിന്. മൂന്നാണും രണ്ട് പെണ്ണും. ഭാര്യ ഖദീജ 10 വർഷം മുമ്പ് വിട പറഞ്ഞു. ഇപ്പോൾ ചെറുതോണിയിൽ സോഡ വ്യാപാരം നടത്തുന്ന ഇളയ മകൻ ഷെമീറിനോടൊപ്പമാണ് താമസം. മനസ്സിനും ശരീരത്തിനും ഒരുപോലെ ഊർജം നൽകുന്നതാണ് പുണ്യ മാസത്തിലെ വ്രതമെന്ന് അദ്ദേഹം ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ്.


