Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightCheruthonichevron_rightദുരിതമൊഴിയാതെ ഇടുക്കി...

ദുരിതമൊഴിയാതെ ഇടുക്കി മെഡിക്കൽ കോളജ് റോഡ്

text_fields
bookmark_border
ദുരിതമൊഴിയാതെ ഇടുക്കി മെഡിക്കൽ കോളജ് റോഡ്
cancel
camera_alt

ഇടുക്കി മെഡിക്കൽ കോളജിലേക്കുള്ള പ്രധാന റോഡ്

ചെറുതോണി: കഴിഞ്ഞ ഒരു വർഷമായി ഇടുക്കി മെഡിക്കൽ കോളജിലേക്കുള്ള പ്രധാന റോഡ് തകർന്നിട്ട്. നാട്ടുകാർ പലതവണ നിവേദനങ്ങളും പരാതികളും നൽകിയിട്ടും അധികൃതർ കണ്ണു തുറക്കുന്നില്ല. ഇതുമൂലം രോഗികൾക്കും യാത്രക്കാർക്കും വലിയ ദുരിതമായി മാറിയിരിക്കുകയാണ്. റോഡിൽ രൂപപ്പെട്ട കുഴികളും തകർന്ന ഭാഗങ്ങളും കാരണം ഓട്ടോയിൽ കയറിയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. ആംബുലൻസുകൾക്കും മറ്റ് അടിയന്തര സേവന വാഹനങ്ങൾക്കും സുഗമമായി സഞ്ചരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി നിരവധി പരാതികളാണുള്ളത്.

മഴ ശക്തമായതോടെ റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും കുഴികൾ കൂടുതൽ അപകടാവസ്ഥയിലാകുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ കോളജിലേക്ക് ദിനേന എത്തുന്ന ആയിരക്കണക്കിന് രോഗികളും ജീവനക്കാരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ കാരണം യാത്രാസമയം വർധിക്കുന്നതോടൊപ്പം അപകടസാധ്യതയും ഉയരുകയാണ്. അത്യാഹിതാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഈ റോഡിലെ ദുരിതയാത്ര രോഗാവസ്ഥ കൂടുതൽ ഗുരുതരമാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ആശുപത്രിയിലേക്ക് പോകുന്ന വഴി മാത്രമല്ല, ഗൈനക്കോളജി വിഭാഗം, പ്രിൻസിപ്പലിന്റെ ഓഫിസ്, കെ.എം.സി.എൽ പോകുന്ന വഴി തുടങ്ങി എല്ലാ റോഡുകളും ടാറിങ് തകർന്ന് ശോച്യാവസ്ഥയിലാണ്.

2022-23ൽ നിർമിതി കേന്ദ്രയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. എന്നാൽ, മെഡിക്കൽ കോളജിനുള്ളിലെ റോഡുകൾ ടാറിങ് ചെയ്യാൻ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കിറ്റ്കോയ്ക്ക് 18 കോടി രൂപ അനുവദിച്ചിരുന്നുവെന്നും ഇതുവരെ പണി ആരംഭിച്ചില്ലെന്നും ജീവനക്കാർ പറയുന്നു. ചെറുതോണിയിൽനിന്ന് ആശുപത്രിയിലേക്കുള്ള ബൈപാസിന്റെ നിർമാണ ഉദ്ഘാടനം കഴിഞ്ഞ മാർച്ചിൽ നിർവഹിച്ചതാണ്. അതും എങ്ങുമെത്തിയില്ല. മെഡിക്കൽ കോളജ് പോലുള്ള പ്രധാന ആരോഗ്യ സ്ഥാപനത്തിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു. മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Show Full Article
TAGS:localnews Idukki News Medical Collge 
News Summary - Idukki Medical College road continues to be in a miserable state
Next Story