കഞ്ഞിക്കുഴി ഗവ. ആശുപത്രിയിൽ ഡോക്ടറില്ല; വയോധിക മണിക്കൂറുകൾ ആംബുലൻസിൽ
text_fieldsആശുപത്രി വരാന്തയിൽ ആംബുലൻസിൽ കിടക്കുന്ന വയോധിക
ചെറുതോണി: കഞ്ഞിക്കുഴി ഗവ. ആശുപത്രിയിൽ എത്തിച്ച വയോധികക്ക് ആംബുലൻസിൽ കഴിയേണ്ടി വന്നത് മണിക്കൂറുകളോളം. പാലിയേറ്റിവ് പരിചരണം ആവശ്യമായ കഞ്ഞിക്കുഴി ആൽപാറ സ്വദേശി കൊരട്ടിപ്പറമ്പിൽ ഏലിക്കുട്ടി സെബാസ്റ്റ്യനാണ് (81) ആശുപത്രി വരാന്തയിൽ ആംബുലൻസിൽ കഴിയേണ്ടി വന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെ ഇടപെട്ടിട്ടും മെഡിക്കൽ ഓഫിസർ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയാറാകാതെ വന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
കാലിന് പരിക്കേറ്റ് ചികിത്സ വേണ്ടിവന്നതോടെയാണ് ഇവരെ ബന്ധുക്കൾ ആശുപത്രിയിൽ കൊണ്ടുവന്നത്. ആദ്യം ഇടുക്കി മെഡിക്കൽ കോളജിലും കോട്ടയം മെഡിക്കൽ കോളജിലും കളമശ്ശേരി മെഡിക്കൽ കോളജിലും പരിശോധിച്ച ഡോക്ടർമാർ പാലിയേറ്റിവ് പരിചരണമാണ്നിർദേശിച്ചത്. അതനുസരിച്ചാണ് ശനിയാഴ്ച വൈകീട്ട് ബന്ധുക്കൾ കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ, മെഡിക്കൽ ഓഫിസറോ മറ്റ് ഡോക്ടർമാരോ ഇവിടെ ഉണ്ടായിരുന്നില്ല.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയി വർക്കി മെഡിക്കൽ ഓഫിസറുമായി സംസാരിച്ചെങ്കിലും സ്ഥലത്തില്ലെന്നും തിങ്കളാഴ്ചയേ എത്തുകയുള്ളൂവെന്നും അന്ന് മാത്രമേ അഡ്മിറ്റ് ചെയ്യാൻ കഴിയൂവെന്നുമാണ് മറുപടി നൽകിയത്.
സംഭവം വിവാദമായതോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാർ പിന്നീട് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രമായിട്ടും ഒരു ഡോക്ടർപോലും ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പാലിയേറ്റിവ് പരിചരണം മാത്രം വേണ്ട രോഗിക്കു സേവനം നൽകാൻ തയാറാകാത്തതിൽ വ്യാപക പ്രതിഷേധമുയർന്നു.
വിദൂര ജില്ലയിൽ നിന്നുള്ള മെഡിക്കൽ ഓഫിസർ വല്ലപ്പോഴും മാത്രമാണ് ആശുപത്രിയിൽ എത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. പട്ടികവർഗ പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു നിർധന കുടുംബങ്ങൾ അധിവസിക്കുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ഏകസാമൂഹിക ആരോഗ്യ കേന്ദ്രത്തോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധം ശക്തമാണ്.