കണ്ണാടിപ്പായക്ക് ഭൗമസൂചിക പദവി
text_fieldsകണ്ണാടിപ്പായ
ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ വെണ്മണിപാല പ്ലാവ് ആദിവാസിക്കോളനിയിൽ നെയ്തെടുക്കുന്ന കണ്ണാടിപ്പായക്ക് ഭൗമസൂചിക പദവി. ജില്ലയിൽ ഭൗമസൂചിക പദവി തേടിയെത്തുന്നത് രണ്ടാം തവണയാണ്. ഇതിനു മുമ്പ് വട്ടവടയിൽ കൃഷി ചെയ്യുന്ന വെളുത്തുള്ളിക്ക് കഴിഞ്ഞവർഷം ഭൗമ സൂചിക പദവി ലഭിച്ചിരുന്നു.
പാലപ്ലാവ് ആദിവാസി കോളനിയിൽ നൂറോളം ഊരാളി ആദിവാസി കുടുംബങ്ങളാണുള്ളത്. ഇതിൽ അറുപതോളം കുടുംബങ്ങളിലെ പ്രായംചെന്നവർ പായ നെയ്യുന്നു. കാട്ടിൽനിന്ന് പ്രത്യേകയിനം ഈറ്റ വെട്ടിക്കൊണ്ടുവന്നാണ് കണ്ണാടിപ്പായ നെയ്യുന്നത്. ഊരാളി കുടുംബങ്ങളിൽപെട്ട സ്ത്രീകളാണ് കണ്ണാടിപ്പായ നെയ്യുന്നത്. പഴയകാലത്ത് ആദിവാസികൾ രാജാവിനെ മുഖം കാണിക്കാൻ ചെല്ലുമ്പോൾ കാണിക്കയായി സമർപ്പിച്ചിരുന്നതാണ് കണ്ണാടിപ്പായയെന്ന് പ്രായമുള്ളവർ പറയുന്നു.
വളരെ മിനുസമുള്ളതും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതുമായതുകൊണ്ടാണ് കണ്ണാടിപ്പായ എന്നു പറയുന്നത്. ആറ് അടി നീളവും നാല് അടി വീതിയുമുള്ളതാണ് പായ. ഒരുമാസം വേണ്ടി വരും ഇതു നെയ്തെടുക്കാൻ. ഒരു പായക്ക് 25,000 മുതൽ 30,000 രൂപ വരെ വിലവരും. ഒരു കണ്ണാടിപ്പായ 10 വർഷം കേടുകൂടാതെയിരിക്കും. വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെയടക്കം കഴിഞ്ഞ ഒരു വർഷത്തെ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്.