മഹാപ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ ജെസി
text_fieldsരക്ഷപ്പെട്ട ജെസിയും മകൾ എയ്ഞ്ചൽ മരിയയും ഇളയ കുട്ടി എയ്ഞ്ചൽ ലീനയോടൊപ്പം കാക്കനാട്ടെ വീട്ടിൽ
ചെറുതോണി: ആറു വർഷം മുമ്പ് മരണത്തിൽ നിന്ന് രക്ഷപ്പെട്ട ആ രാത്രി കൂട്ടാക്കുന്നേൽ ബിബിന്റെ ഭാര്യ ജെസിക്ക് ഇന്നും നടുക്കുന്ന ഓർമയാണ്. ഇടുക്കിയിൽ 59 പേരുടെ ജീവനെടുത്ത മഹാപ്രളയത്തിന്റെ തുടക്കമായിരുന്നു അത്. രാത്രി 12 മണിയോടെ പുറകിൽ കാതടപ്പിക്കുന്ന ശബ്ദം. മഴയുടെ ഇരമ്പൽ. കൂരാക്കൂരിരുട്ടിൽ ഞെട്ടി എഴുന്നേറ്റ ജെസി ഒന്നര വയസുള്ള മകളെയും മാറത്തടക്കി പുറത്തേക്കോടി. തിരിഞ്ഞു നോക്കുമ്പോൾ ഒരു മല വീടിന് മുകളിൽ വീഴുന്നതാണ് കണ്ടത്.
ഉള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ പിതാവിന്റെയും അമ്മയുടെയും ജീവനറ്റ ശരീരം പിറ്റേന്ന് നാട്ടുകാർ കല്ലും മണ്ണും മാറ്റിയാണെടുത്തത്. ജെസി കുട്ടിയുമായി മറ്റൊരു വീട്ടിലിരുന്നാണ് നേരം വെളുപ്പിച്ചത്. ഭർത്താവ് വീട്ടിലില്ലായിരുന്നു.
ഇപ്പോൾ ജെസിയും കുട്ടികളും ഭർത്താവും എറണാകുളത്ത് കാക്കനാട്ടാണ് താമസം. ഭർത്താവ് ബിബിൻ ഹിറ്റാച്ചി ഓടിക്കുന്നു. അന്ന് ജെസിക്കൊപ്പം രക്ഷപ്പെട്ട മകൾ ഏയ്ഞ്ചൽ മരിയക്ക് ഏഴുവയസായി. പിന്നീട് ഇളയ കുട്ടി ഏയ്ഞ്ചൽ ലീന കൂടി ഉണ്ടായതോടെ സന്തോഷത്തിലാണ് ഈ കുടുംബം. സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകി. ഈതുക കൊണ്ട് കഞ്ഞിക്കുഴിയിൽ പണിയുന്ന വീട് പൂർത്തിയാകാറായി. ഉടൻ അങ്ങോട്ടു താമസം മാറും.
പ്രളയത്തിനു തുടക്കം കുറിച്ച കൂട്ടമരണം നടന്ന ദിനമായിരുന്നു ആഗസ്റ്റ് ഒമ്പത്. കാലവർഷം കലി തുള്ളിയ ആ രാത്രിയിൽ ഹൈറേഞ്ചിൽ 11 പേരെയാണ് മരണം കൂട്ടിക്കൊണ്ടുപോയത്. കിരിത്തോട് പെരിയാർവാലിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അഞ്ചു പേരാണ് മരിച്ചത്.
കരികുളത്ത് മീനാക്ഷി മക്കളായ രാജൻ, ഉഷ എന്നിവരും. ഉരുളെടുത്ത സ്ഥലം ഇപ്പോഴും കാടുപിടിച്ചു കിടക്കുന്നു. മീനാക്ഷിക്കു 10 മക്കളായിരുന്നു മീനാക്ഷിയും രണ്ട് മക്കളുമാണ് ഇവിടെ താമസിച്ചിരുന്നത്. സർക്കാർ ഇവരുടെ അവകാശികളായ മറ്റു മക്കൾക്കു നഷ്ടപരിഹാരം നൽകി. രാജന്റെ മൃതദേഹം കിട്ടാത്തതിനാൽ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. അന്നു രാത്രി തന്നെ ഉണ്ടായ ഉരുൾപൊട്ടലിലാണ് ജെസിയുടെ ഭർത്താവിന്റെ പിതാവ് കൂട്ടാക്കുന്നേൽ ആഗസ്തിയും ഭാര്യ ഏലിക്കുട്ടിയും മരിച്ചത്.
പുലർച്ചെ അഞ്ചരയോടെയാണ് കൊന്നത്തടി പഞ്ചായത്തിലെ കുരിശുകുത്തിയിൽ ഉരുൾപൊട്ടിയത്. പന്തപ്പിള്ളിൽ മാണിയുടെ ഭാര്യ തങ്കമ്മ മരിച്ചു. ഒച്ചകേട്ട് മാണിയും മകനും പുറത്തേക്കോടിയതിനാൽ രക്ഷപെട്ടു അടിമാലി ഈസ്റ്റേൺ കമ്പനിയിൽ ജോലിക്കാരിയായിരുന്നു തങ്കമ്മ. അന്നു പുലർച്ചെ മൂന്നുമണിയോടെ അടിമാലിയിൽ അഞ്ചു പേരും ഉരുൾപൊട്ടലിൽ മരിച്ചു.
മരിച്ചവരുടെ മക്കളും ബന്ധുക്കളുമൊന്നും ഇപ്പോൾ കീരിത്തോട്ടിലില്ല. ഇവർ സുരക്ഷിത സ്ഥാനം തേടിപ്പോയി. എങ്കിലും കീരിത്തോടുകാരുടെ മനസിൽ ഒരു കറുത്ത ദിനമായി ആഗസ്റ്റ് ഒമ്പത് ഇപ്പോഴുമുണ്ട്