വനം വകുപ്പിന്റെ അനാസ്ഥ; 60 ഏക്കറിലെ കാട് നശിക്കുന്നു
text_fieldsഅട്ടിക്കളത്ത് നശിച്ചു കൊണ്ടിരിക്കുന്ന വനമേഖല
ചെറുതോണി: സംരക്ഷിക്കാനാളില്ലാതെ വനം നശിക്കുന്നു. വനം വകുപ്പിന്റെ ദക്ഷിണമേഖലയിൽപ്പെടുന്ന മിശ്രിത വനമാണ് നശിക്കുന്നത്.1991 ലാണ് ഇടുക്കി-അടിമാലി റോഡരികിനോട് ചേർന്ന് ചുരുളിക്കും കരിമ്പനുമിടയിലായി വനം നട്ടു പിടിപ്പിച്ചത്. 60 ഏക്കറോളം സ്ഥലത്ത് സിൽവർ ഓക്ക്, കൊരങ്ങാട്ടി, മട്ടി തുടങ്ങി തുടങ്ങി മരത്തൈകളാണ് വച്ചത് ഇപ്പോൾ നഗരംപാറ റേഞ്ച് ഓഫീസിന്റെ പരിധിയിലാണ് സ്ഥലം.
കാൽ നൂറ്റാണ്ട് പിന്നിട്ട ഈ സംരക്ഷിതവനത്തിലെ തടികൾ ലേലം ചെയ്തു കൊടുക്കാത്തതു മൂലം കാലവർഷത്തിൽ ഒടിഞ്ഞു വീണും കടപുഴകി വീണും നശിക്കുകയാണ്. ഏതാനും വർഷം മുമ്പ് വരെ വാച്ചറെ നിയമിച്ചിരുന്നു. ഇപ്പോൾ അതുമില്ല. സ്ഥിരമായി ഫയർലൈൻ തെളിക്കാത്തതിനാൽ മുൻ വർഷങ്ങളിൽ കാട്ടുതി കയറി വനത്തിന്റെ നല്ലൊരു ഭാഗം നശിച്ചിരുന്നു.
വനത്തിനു നടുവിൽ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും താമസിക്കാൻ ലക്ഷങ്ങൾ മുടക്കി നിർമച്ച കെട്ടിടം പകുതിയും ഇടിഞ്ഞു പൊളിഞ്ഞു നശിച്ചു. ഇപ്പോൾ ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാണ്. ജില്ലയിലെ പ്രശസ്തമായ അട്ടിക്കളം പൊന്നും പൂജാരി ക്ഷേത്രം ഈ വനത്തിനകത്താണ്. അട്ടിക്കളം-പെരിയാർവാലി റോഡ് കടന്നു പോകുന്നതും ഇതിലെയാണ്. അധികൃതരുടെ നോട്ടക്കുറവും പിടിപ്പു കേടും മുലം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ് ഈ സംരക്ഷിത വനം.